ലേബലിങ് ഫീസിൽ തർക്കം; ബെവ്കോയിൽ വിൽപന തുടങ്ങാനാകാതെ ‘വിദേശി’

കണ്ണൂർ∙ വിദേശനിർമിത വിദേശ മദ്യം (എഫ്എംഎഫ്എൽ) വിൽക്കാൻ കമ്പനികളുമായി ബവ്റിജസ് കോർപറേഷൻ കരാറിലെത്തിയിട്ടും വിൽപന തുടങ്ങാനാകാത്തതിനു കാരണം ലേബലിങ് ഫീസ് സംബന്ധിച്ച തർക്കം. കേരളത്തിൽ ലേബലിങ് ഫീസ് കൂടുതലായതിനാൽ ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ടു വിദേശ മദ്യക്കമ്പനികൾ എക്സൈസ് വകുപ്പിനെ സമീപിച്ചു.

കുപ്പിയിൽ ഒരു ലേബൽ പതിക്കുന്നതിന് ബ്രാൻഡ് ഒന്നിന് എക്സൈസ് വകുപ്പ് ഈടാക്കുന്ന ഫീസ് 25,000 രൂപയാണ്. മുന്തിയ ബ്രാൻഡിനു കുപ്പിയിൽ പല ഭാഗത്തായി നാലു ലേബൽ എങ്കിലുമുണ്ടാകും. നാലിനും കൂടി ഒരു ലക്ഷം രൂപ ഫീസ് അടയ്ക്കേണ്ടിവരും. ഒരിക്കൽ പതിക്കുന്ന ലേബലിൽ ഒരക്കമോ, അക്ഷരമോ മാറ്റണമെങ്കിൽ വീണ്ടും 25,000 രൂപ അടയ്ക്കണം. ചില സംസ്ഥാനങ്ങളിൽ കുപ്പിയിൽ എത്ര ലേബൽ ഉണ്ടെങ്കിലും ഒരു ലേബലിന്റെ ഫീസേ വാങ്ങാറുള്ളൂ. അതു തന്നെ കേരളത്തിലേതിനെക്കാൾ കുറവാണെന്നും മദ്യക്കമ്പനികൾ വാദിക്കുന്നു. 

ബ്രാൻഡ് റജിസ്ട്രേഷൻ ഫീസും ഇവിടെ അധികമാണ്. 50,000 രൂപയാണു വാ‍ർഷിക ഫീസ്. പുതുക്കണമെങ്കിൽ വീണ്ടും അതേ തുക നൽകണം. മദ്യക്കമ്പനികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും മറ്റു സംസ്ഥാനങ്ങളിലെ ഫീസ് താരതമ്യം ചെയ്തശേഷം ഫയൽ നികുതി വകുപ്പിന്റെ പരിഗണനയ്ക്ക് അയയ്ക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. കേരളത്തിൽ വിദേശനിർമിത വിദേശമദ്യവും വൈനും വിൽക്കാൻ 17 കമ്പനികളാണു തയാറായിട്ടുള്ളത്. മദ്യമെത്തിക്കാൻ കമ്പനികൾക്ക് ഓർഡർ നൽകി കാത്തിരിക്കുമ്പോഴാണു ലേബലിങ് ഫീസ് എന്ന പുതിയ കടമ്പ.