കണ്ണൂർ ∙ പുതുവർഷത്തിൽ സംസ്ഥാനത്തെ മുഴുവൻ ബവ്റിജസ് ചില്ലറ വിൽപനശാലകളിലെയും പണമിടപാട് ഡിജിറ്റൽ ആകുന്നു. 85 പ്രീമിയം വിൽപനശാലകളിൽ ഏർപ്പെടുത്തിയ പിഒഎസ് (പോയിന്റ് ഓഫ് സെയിൽസ്) മെഷീൻ 185 സാധാരണ വിൽപനശാലകളിൽകൂടി അടുത്ത വർഷമാദ്യം നടപ്പാക്കും. ഇതോടെ ബവ്കോയുടെ മുഴുവൻ വിൽപനശാലകളിലും കാഷ്‌ലെസ് ഇടപാട് നിലവിൽവരും. ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ ഉപയോഗിച്ചു മദ്യം വാങ്ങാം. സൗജന്യനിരക്കിൽ പിഒഎസ് മെഷീൻ സ്ഥാപിക്കാനും ഇടപാടു നടത്താനും മൂന്നു ബാങ്കുകൾ താൽപര്യമറിയിച്ചു. ഉടൻ കരാറിലേർപ്പെടും.
ഉപഭോക്താക്കളുടെ സൗകര്യത്തിനുവേണ്ടിയും, ചില്ലറവിൽപനശാലകളിൽ പണം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തുമാണു പുതിയ തീരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷം കോർപറേഷന്റെ വിറ്റുവരവ് 12,937 കോടി രൂപയാണ്. ഇതിൽ 10,608 കോടിയും 270 ചില്ലറ വിൽപനശാലകൾ വഴിയുള്ളതാണ്. ഒരു വിൽപനശാലയിൽ പ്രതിദിനം ശരാശരി 11.80 ലക്ഷം രൂപയുടെ കച്ചവടം നടക്കുന്നുണ്ടെന്നാണു കോർപറേഷന്റെ കണക്ക്. ഇത്രയും തുക താരതമ്യേന സുരക്ഷിതമല്ലാത്ത വിൽപനശാലയിൽ സൂക്ഷിച്ചശേഷം, പിറ്റേന്നു ബാങ്കിൽ നിക്ഷേപിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്.
ബാങ്ക് പ്രതിനിധികൾ ദിവസവും നേരിട്ടെത്തി പണം കൈപ്പറ്റുന്ന രീതി ഏതാനും ജില്ലകളിൽ മാത്രമാണുള്ളത്. അതുകൊണ്ടു കൂടിയാണ് സുരക്ഷിതമായ ഡിജിറ്റൽ മാർഗം അവലംബിക്കുന്നത്. എന്നാൽ, പണവും കൗണ്ടറിൽ സ്വീകരിക്കും. ബവ്കോ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് ഹാജർ സംവിധാനവും ഈ വർഷമുണ്ടാകും. ആദ്യഘട്ടമായി വെയർഹൗസുകളിലാണു ഡിജിറ്റൽ ഹാജർ ഏർപ്പെടുത്തുക.