Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ജയ വിസമ്മതിച്ചെന്ന് ഡോക്ടർ

Jayalalitha

ചെന്നൈ ∙ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനു ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്താനുള്ള നിർദേശം മുൻ മുഖ്യമന്ത്രി ജയലളിത തള്ളിക്കളഞ്ഞതായി അവരെ ചികിൽസിച്ച ഡോക്ടർ.

ഭക്ഷണ നിയന്ത്രണത്തിലൂടെ ശരീരഭാരം കുറയ്ക്കാനായിരുന്നു അവരുടെ ശ്രമമെന്ന് പ്രമേഹരോഗ വിദഗ്ധ ഡോ. ജയശ്രീ ഗോപാൽ ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷനു മുൻപാകെ മൊഴി നൽകി. ശരീരഭാരം ശസ്ത്രക്രിയയിലൂടെ കുറച്ചാൽ ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെടുമെന്നു ഡോക്ടർമാർ അവരെ ഉപദേശിച്ചിരുന്നു. നടക്കാനുള്ള ബുദ്ധിമുട്ടു മാറുമെന്നും ഉപദേശിച്ചു.

എന്നാൽ, ഭക്ഷണനിയന്ത്രണത്തിലൂടെ ഭാരം കുറയ്ക്കാൻ താൻ ശ്രമിക്കാമെന്നായിരുന്നു ജയയുടെ മറുപടി. ഭരണപരമായ തിരക്കുകൾ കാരണം ശാരീരിക വ്യായാമത്തിനു സമയം ലഭിക്കാത്തതിൽ അവർക്കു ഖേദമുണ്ടായിരുന്നു. അപ്പോളോയിൽ പ്രവേശിപ്പിച്ച സമയത്ത് അവർ മധുരം കഴിച്ചിരുന്നു. ഇതു ഭക്ഷണ നിയന്ത്രണത്തിൽ അനുവദനീയമായ തോതിലായിരുന്നു. ആശുപത്രിവാസത്തിനിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ സ്ഥാനാർഥികൾ ജയിച്ചപ്പോഴും അവർ മധുരം കഴിച്ചിരുന്നു.

ആർകെ നഗർ ഉപതിരഞ്ഞെടുപ്പു സമയത്തു പുറത്തു വന്ന വിഡിയോ ദൃശ്യം അപ്പോളോ ആശുപത്രിയിൽ ചിത്രീകരിച്ചതാണെന്നു ഡോ. ജയശ്രീ മൊഴി നൽകി. ഡോ. ഡി.ശാന്താറാമും കമ്മിഷനു മുന്നിൽ മൊഴി നൽകി.