ചെന്നൈ∙ കമൽഹാസൻ കപട യുക്തിവാദിയാണെന്നും അമാവാസി ദിനം നോക്കി പാർട്ടി പ്രസിഡന്റ് പദവിയേറ്റെടുത്തത് അതിന്റെ തെളിവാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജൻ. പാർട്ടി ആസ്ഥാനത്തു പതാകയുയർത്തിയ കമൽഹാസൻ കഴിഞ്ഞ ദിവസം ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
യുക്തിവാദിയെന്നു പുറമേക്കു പറയുകയും മുഹൂർത്തവും രാശിയും നോക്കി പാർട്ടി പരിപാടികൾ പോലും നടത്തുകയും ചെയ്യുന്നയാളാണു കമൽഹാസൻ. അതിന് എതിര് പറയുന്നില്ല. എന്നാൽ, പുറമേക്കുള്ള വാചകമടി നിർത്താൻ തയാറാകണമെന്നു തമിഴിസൈ പറഞ്ഞു. താൻ യുക്തിവാദിയാണെന്നും എന്നാൽ തന്റെ പാർട്ടി യുക്തിവാദികളുടെ പാർട്ടിയല്ലെന്നും കമൽ പ്രതികരിച്ചു. പാർട്ടിയിൽ എല്ലാ വിശ്വാസക്കാരുമുണ്ട്. എല്ലാവരുടേയും വിശ്വാസത്തെ മാനിക്കുന്നതാണു തന്റെ ആദർശമെന്നു കമൽ പറഞ്ഞു.