Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി ചവറ്റുകുട്ടയിലെറിയണം; നോട്ടു നിരോധനത്തിൽ പാളിച്ച: കമൽ ഹാസൻ

Actor Kamal Haasan കമൽ ഹാസൻ

ഈറോഡ്∙ ചരക്കു സേവന നികുതിക്കെതിരെ ആഞ്ഞടിച്ച് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. ജിഎസ്ടി എല്ലാ മേഖലകളെയും മോശമായാണു ബാധിച്ചതെന്നും ജിഎസ്ടിയെ ചവറ്റുകുട്ടയിലെറിയണമെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനം ശരിയായ തീരുമാനമായിരുന്നു. എന്നാൽ അതു നടപ്പാക്കുന്ന രീതിയാണു പരാജയപ്പെട്ടതെന്നും തമിഴ്‍നാട്ടിലെ ഈറോഡ് ജില്ലയിൽ പര്യടനം നടത്തവേ കമൽ ഹാസൻ പറഞ്ഞു.

എൻജിനീയറിങ്ങും മെഡിസിനും മാത്രം പഠിക്കാതെ യുവാക്കൾ കൃഷിയിലേക്കു കൂടി വരണം. ഫലഭൂയിഷ്ഠമായ മണ്ണ് അവരെ കാത്തിരിക്കുകയാണ്. കൃഷിയിലെ നൂതന സാങ്കേതിക വിദ്യകളും അവർ പഠിക്കണമെന്ന് ഗോപിചെട്ടിപ്പാളയത്ത് അദ്ദേഹം പറഞ്ഞു. മദ്യനിരോധനം ഒറ്റ ദിവസം കൊണ്ട് നടപ്പാക്കാനാകുന്ന കാര്യമല്ല. ജനങ്ങളെ അതിനെക്കുറിച്ചു ബോധവത്കരിച്ച ശേഷം മാത്രമേ പൂർണമായും മദ്യനിരോധനം സാധ്യമാവുകയുള്ളു. അങ്ങനെയല്ലെങ്കിൽ ജനങ്ങൾ ലഹരിക്കായി മറ്റു വഴികൾ തേടും– കമൽ പറഞ്ഞു.

മൊഡക്കുറിച്ചി, വീരപട്ടണം, ചിത്തോട് എന്നിവിടങ്ങളിലും കമൽ ഹാസൻ ജനങ്ങളെ കാണും. പുതിയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ പ്രഖ്യാപനത്തിനു ശേഷം തമിഴ്നാട്ടിലെ പടിഞ്ഞാറൻ ജില്ലകളിലാണ് കമൽ ഇപ്പോൾ സന്ദർശനം നടത്തുന്നത്.