Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റുകൾക്കെതിരെ വിസിലടിക്കൂ: പുതിയ ആപ്പുമായി കമൽ ഹാസൻ

kamal-haasan ആപ്പിന്റെ പ്രകാശന ചടങ്ങിൽ കമൽ ഹാസൻ

ചെന്നൈ∙ അഴിമതിക്കെതിരായ പോരാട്ടം, ജനകീയ പ്രശ്നങ്ങളിലെ ഇടപെടൽ എന്നിവ ലക്ഷ്യമാക്കി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. മക്കള്‍ നീതി മയ്യത്തിന്റെ പ്രവർത്തകർക്കായുള്ള മൊബൈൽ ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. മയ്യം വിസിൽ ആപ്പ് എന്നതു പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കുന്ന മന്ത്രവടിയല്ലെന്നും പ്രശ്നങ്ങൾ ഉദ്യോഗസ്ഥരിലേക്ക് എത്തിക്കുന്നതിനാണു ഉപയോഗിക്കുകയെന്നും കമൽ പറഞ്ഞു.

പരിസ്ഥിതി മലിനീകരണം, കുറ്റകൃത്യങ്ങൾ, അഴിമതി എന്നിവ ശ്രദ്ധയിൽകൊണ്ടുവരുന്നതിനു വ്യക്തികൾക്ക് ആപ്പ് ഉപയോഗിക്കാം. പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ, സർക്കാർ എന്നിവയ്ക്കു പകരമല്ല മയ്യം വിസിൽ ആപ്പ്. എന്നാൽ അവരെ സഹായിക്കാനും വിമർശിക്കാനും ആപ്പ് ഉപയോഗിക്കാം. ഉത്തരവാദിത്തപ്പെട്ടവർ പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നുണ്ടോയെന്നു വിലയിരുത്തുന്ന സ്ഥാപനമായിരിക്കും ആപ്പ്– കമൽ പറഞ്ഞു.

മൊബൈൽ ആപ്പ് എന്ന ആശയം മാസങ്ങൾക്കു മുന്‍പെ ഉണ്ടായിരുന്നെങ്കിലും അത് ഇപ്പോഴാണു സാധ്യമായതെന്നും കമൽ വ്യക്തമാക്കി. എംഎൻഎം (മക്കൾ നീതി മയ്യം) പ്രകാരം വിഡിയോ, ഫൊട്ടോ തെളിവുകൾവച്ചു ജനങ്ങൾക്കു പരാതി നൽകാം. ശേഷം സംഘടനയുടെ വളണ്ടിയർ സ്ഥലം സന്ദര്‍ശിച്ചു പരാതി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യും. ഒരു വിഷയം മൂന്നു പേരായിരിക്കും പരിശോധിക്കുക. ഇവർ നൽകുന്ന റിപ്പോർട്ട് അഡ്മിൻ പരിശോധിച്ച് അനുമതി നൽകിയാല്‍ ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും കാണാനാകും.

ആപ്പ് മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കാൻ വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശോധനയ്ക്കു ശേഷം മാത്രമായിരിക്കും അംഗത്വം ലഭിക്കുക. നിയമവിരുദ്ധമായി ഉപയോഗിച്ചാൽ അംഗത്വം നഷ്ടപ്പെടും. മറ്റു നടപടികളും നേരിടേണ്ടി വരും. ജനങ്ങളു‍ടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ആപ്പ് സംഘടനയെ സഹായിക്കും. ജനങ്ങളിലേക്കുള്ള ചെവിയാണ് ആപ്പെന്നും മക്കൾ നീതി മയ്യം അവകാശപ്പെടുന്നു.