Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിഴക്കമ്പലം മോഡൽ അനുകരണീയം, മാതൃക പിൻതുടരും: കമൽഹാസൻ

kamal-open-hands

കിഴക്കമ്പലം ∙ രാഷ്ട്ര നിര്‍മ്മാണത്തിനുള്ള ഉത്തമ ഉദാഹരണമാണ് കിഴക്കമ്പലം പഞ്ചായത്ത് എന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന്‍. തമിഴ്നാട്ടിലും ഇതേ മാതൃക പിന്തുടരുമെന്നും പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നു അദ്ദേഹം പറഞ്ഞു. 

‘ഗോഡ്സ് വില്ല’ എന്ന പേരില്‍ ഞാറല്ലൂര്‍ കോളനിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടി വിജയകരമായി പൂര്‍ത്തീകരിച്ച 37 വീടുകളുടെ താക്കോല്‍ദാന ചടങ്ങ് നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. നവരാഷ്ട്രീയ നേതാക്കളുടെ പ്രധാന ലക്ഷ്യം പണം സമ്പാദിക്കുന്നതിലുപരി രാഷ്ട്രസേവനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

twenty20-main കൊച്ചി കിഴക്കമ്പലത്ത് ട്വന്റി20യുടെ നേതൃത്വത്തില്‍ പണിത ലക്ഷംവീട് കോളനിയിലെ വില്ലകളുടെ താക്കോല്‍ സമ്മാനിക്കുന്നതിനായി വേദിയിലേക്ക് കയറുന്ന ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബും നടന്‍ കമല്‍ഹാസനും. പിന്നില്‍ ആളുകള്‍ കയറിനില്‍ക്കുന്നതാണ് പുതുതായി പണിത വില്ലകള്‍. ചിത്രം: മനോരമ 

കിറ്റെക്സ് ഗാര്‍മെന്‍റ്സ് എംഡിയും ട്വന്‍റി20 ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം. ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പടിഞ്ഞാറെക്കുടി രാജി വേലായുധന് ആദ്യ താക്കോല്‍ നൽകി കമൽഹാസന്‍ ഗോഡ്സ് വില്ലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മക്കള്‍ നീതി മയ്യം അംഗങ്ങളായ സി.കെ.കുമാരവേല്‍, പാരാജനാരായണന്‍, കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ജേക്കബ്, വൈസ് പ്രസിഡന്‍റ് ജിന്‍സി അജി, ഈസ്റ്റേണ്‍ ഗ്രൂപ്പ് എംഡി നവാസ് മീരാന്‍, അര്‍ജുന നാച്യൂറല്‍സ് എക്സ്ട്രാട്സ് ലിമിറ്റഡ് എംഡി പി.ജെ.കുഞ്ഞച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

750  ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഓരോ വീടും നിര്‍മിച്ചിരിക്കുന്നത്. രണ്ടു ബെഡ് റൂം, കാര്‍പോര്‍ച്ച്, അടുക്കള, ബാത്ത്റൂം, ടോയ്‌ലറ്റ്, സിറ്റ്ഔട്ട്, ചുറ്റുമതില്‍ എന്നിവ അടങ്ങിയതാണ് ഒരു വീട്. വീടുകളിലേക്ക് വെള്ളം, റോഡ്, വഴി വിളക്ക് എന്നിവ ട്വന്‍റി20യുടെ നേതൃത്വത്തില്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്.

അതോടൊപ്പം ഫാന്‍, ഫാന്‍സി ലൈറ്റ്, ഡൈനിങ്ങ് ടേബിള്‍, മിക്സര്‍ ഗ്രൈന്‍റര്‍, ബെഡ്, ടി.വി, സോഫ എന്നിങ്ങനെ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന അവശ്യ സാധനങ്ങള്‍ 50 ശതമാനം കിഴിവില്‍ നല്‍കും. വിലങ്ങ്, കണ്ണാമ്പുറം കോളനികളിലെ വീടുകളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്.

twenty20-1 കൊച്ചി കിഴക്കമ്പലത്ത് ട്വന്റി20യുടെ നേതൃത്വത്തില്‍ പണിത ലക്ഷംവീട് കോളനിയിലെ വില്ലകളുടെ താക്കോല്‍ സമ്മാനിക്കുന്ന ചടങ്ങിനു സാക്ഷ്യംവഹിക്കാനെത്തിയവര്‍. പിന്നില്‍ ആളുകള്‍ കയറിനില്‍ക്കുന്നതാണ് പുതുതായി പണിത വില്ലകള്‍. ചിത്രം: മനോരമ 

വാസ്തു പ്രകാരം നിര്‍മ്മിച്ച ഓരോ വീടും മുകളിലേയ്ക്ക് പണിയാവുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ലക്ഷം വീട് കോളനിയിലെ ഓരോ അന്തേവാസികള്‍ക്കും പുതിയ വീടുകള്‍ ഉറപ്പുവരുത്തിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

 6 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചിരിക്കുന്ന ഞാറല്ലൂര്‍ പ്രോജക്ടില്‍ ട്വന്‍റി20 5 കോടി 26 ലക്ഷം, കേരള സര്‍ക്കാരിന്‍റെ ലക്ഷം വീട് ഒറ്റ വീടാക്കല്‍ പദ്ധതി പ്രകാരം കിഴക്കമ്പലം പഞ്ചായത്ത് 74 ലക്ഷം രൂപയും ‌ചെലവഴിച്ചാണ് 37 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 

ട്വന്‍റി20 യുടെ നേതൃത്വത്തില്‍ 300 ഓളം ഭവനരഹിതരായവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുകയും 800 ഓളം വീടുകള്‍ പുതുക്കി പണിത് വാസയോഗ്യമാക്കി നല്കുകയും ചെയ്തിട്ടുണ്ട്. ട്വന്‍റി20 യുടെ ഓരോ പ്രവര്‍ത്തനങ്ങളും നേരത്തെ തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ആംആദ്മി, മക്കള്‍ നീതി മയ്യം തുടങ്ങിയ രാഷ്ട്രീയ കക്ഷികൾ‍, ശ്രീലങ്കന്‍ സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ  ട്വന്‍റി20യുടെ വികസന പ്രവര്‍ത്തനങ്ങള്‍ പഠിക്കുവാന്‍ നേരത്തെ കിഴക്കമ്പലത്ത് എത്തിയിട്ടുണ്ട്.