കൊച്ചി∙ മലയാള സിനിമയിലെ എല്ലാ വനിതകള്‍ക്കും വേണ്ടിയാണു ശബ്ദമുയര്‍ത്തിയതെന്നു നടി രമ്യ നമ്പീശന്‍. മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്കു വ്യക്തമായ മറുപടി വിമന്‍ ഇന്‍ സിനിമ കലക്ടീവ് നല്‍കിയിട്ടുണ്ട്.
പോരാട്ടം വ്യക്തിപരമല്ല. ഏതെങ്കിലും വ്യക്തിയോടോ സംഘടനയോടോ വൈരാഗ്യമില്ല. സിനിമാപ്രവര്‍ത്തകരായ വനിതകള്‍ക്കു തുല്യപങ്കാളിത്തം ലഭിക്കണം. പ്രശ്നപരിഹാര ചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാകുമെന്നും രമ്യ പറഞ്ഞു.
അതേസമയം, അമ്മയും ഡബ്യുസിസിയുമായുള്ള പ്രശ്നങ്ങള്‍ പെട്ടെന്നുതന്നെ പരിഹരിക്കുന്നതാണു സിനിമാമേഖലയ്ക്കു ഗുണകരമെന്നു നടി പത്മപ്രിയ പറഞ്ഞു. ലിംഗ വിവേചനത്തിനെതിരെയും തുല്യനീതിക്കുവേണ്ടിയുമുള്ള പോരാട്ടമാണ് വനിതാകൂട്ടായ്മയുടേത്. ഡബ്യുസിസിയുടെ നിലപാടുകളെ നടന്‍ കമല്‍ഹാസന്‍ പിന്തുണച്ചതില്‍ നന്ദിയും സന്തോഷവുമുണ്ടെന്നും പത്മപ്രിയ മനോരമ ന്യൂസിനോട് പറഞ്ഞു.
താരസംഘടനയായ അമ്മയ്ക്ക് എതിരാണ് ഡബ്യുസിസി എന്ന നിരീക്ഷണം ശരിയല്ല. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായമാണു നിലനില്‍ക്കുന്നത്. ലിംഗപരായ വിവേചനമുള്ളിടത്ത് അത് തിരുത്തി മുന്നോട്ടുപോകാനാണു വനിതാ കൂട്ടായ്മ ആവശ്യപ്പെടുന്നത്.
ജനാധിപത്യപരമായ ഈ അഭിപ്രായത്തെ മാനിച്ചു തുറന്ന ചര്‍ച്ചയുണ്ടാകണം. അതു വൈകാതെ അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും പത്മപ്രിയ പറഞ്ഞു.