Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെറ്റിയിൽ വിട്ടുവീഴ്ചയില്ല; കിട്ടാനുള്ളത് 33 കോടി, പിഴയടച്ചില്ലെങ്കിൽ ലൈസൻസില്ല

kerala-road-traffic-vyttila (ഫയൽ ചിത്രം)

തിരുവനന്തപുരം∙ പെറ്റിയിനത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനു പിരിഞ്ഞുകിട്ടാനുള്ളത് 33 കോടി രൂപ. ഒരു സര്‍ക്കാര്‍ വാഹനത്തെയും പിഴ അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കേണ്ടെന്നും നോട്ടിസ് കിട്ടിയിട്ടും പിഴയടയ്ക്കാത്ത, അഞ്ചില്‍ കൂടുതല്‍ തവണ നിയമം ലംഘിച്ചവരുടെ ലൈസന്‍സ് റദ്ദാക്കാനും ഗതാഗത കമ്മിഷണര്‍ വിളിച്ച ആര്‍ടിഒമാരുടെ യോഗം തീരുമാനിച്ചു. അമിതവേഗത്തിനു പിഴ അടയ്ക്കാത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയനേതാക്കളുടെയും വിവരങ്ങള്‍ മനോരമ ന്യൂസ് നേരത്തെ പുറത്തുവിട്ടിരുന്നു.

എറണാകുളം ജില്ലയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പിഴ പിരിഞ്ഞുകിട്ടാനുള്ളത്. ആറുകോടി രൂപ. തൃശൂരില്‍നിന്നും കണ്ണൂരില്‍നിന്നും നാലുകോടി വീതവും കോഴിക്കോട് തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്നായി മൂന്നുകോടി രൂപ വീതവും കിട്ടാനുണ്ട്. അഞ്ചില്‍ കൂടുതല്‍ തവണ ഗതാഗതനിയമം ലംഘിച്ചവര്‍ക്ക് ഒരിക്കല്‍ കൂടി നോട്ടിസ് അയയ്ക്കുന്ന ജോലികള്‍ തുടരുകയാണ്.

സര്‍ക്കാരിന്റെ ഒരു വാഹനത്തെയും പിഴയില്‍നിന്ന് ഒഴിവാക്കില്ല. രാഷ്ട്രീയ നേതാക്കളുടെ വാഹനങ്ങള്‍ക്കും ഇളവില്ല. നോട്ടിസ് കിട്ടിയിട്ടും അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും. പിഴ വരുത്തിയിട്ടുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുക്കാനും പിഴ ഈടാക്കാനും ദേശസാല്‍കൃതവിഭാഗം ആര്‍ടിഒയെ ചുമതലപ്പെടുത്തി.

ഓരോ ദിവസവും സംസ്ഥാനത്ത് 3000 പേരെങ്കിലും ഗതാഗത നിയമം ലംഘിക്കുന്നുണ്ടെന്നാണു കണക്ക്. കണ്‍ട്രോള്‍ റൂമില്‍ 12 പേരെ താല്‍ക്കാലികമായി നിയമിച്ചാണ് ഇവര്‍ക്കു നോട്ടിസ് അയയ്ക്കുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയായ തിരുവനന്തപുരത്തെ വെള്ളയമ്പലത്തു വേഗം നിയന്ത്രിക്കാന്‍ ക്യാമറകള്‍ വച്ചതോടെ ദിവസം ആയിരത്തോളം പെറ്റി അധികമായി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണു നോട്ടിസ് അയയ്ക്കുന്ന ജോലി മോട്ടോര്‍ വാഹന വകുപ്പ് കെല്‍ട്രോണിെന ഏല്‍പിക്കുന്നത്. നോട്ടിസൊന്നിന് 49 രൂപയാണു കെല്‍ട്രോണിനു നല്‍കേണ്ടത്. അതുകൊണ്ടുതന്നെ പിഴ പിരിക്കുന്നതും കര്‍ശനമാക്കും.