Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ലേറ്, കടയടപ്പിക്കൽ, സംഘർഷം; മുംബൈയെ സ്തംഭിപ്പിച്ച ബന്ദ് പിൻവലിച്ചു

Mumbai Bandh ബന്ദിനെ തുടർന്ന് കടകൾ അടച്ചനിലയിൽ. ചിത്രം: വിഷ്ണു വി.നായർ

മുംൈബ ∙ തൊഴിൽ, വിദ്യാഭ്യാസ സംവരണമാവശ്യപ്പെട്ട് മറാഠകൾ പ്രഖ്യാപിച്ച ബന്ദ് പിൻവലിച്ചു. കുറച്ചുദിവസങ്ങളായി തുടരുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് ഇന്ന് ബന്ദ് പ്രഖ്യാപിച്ചിരുന്നത്. ഇന്നുരാവിലെ ആരംഭിച്ച ബന്ദിൽ മുംബൈ നഗരം സ്തംഭിച്ചിരുന്നു. നവി മുംബൈ, പൻവേൽ, നാസിക്, ഔറംഗബാദ് എന്നിവിടങ്ങളിൽ പരക്കെ അക്രമണം. സംഘമായെത്തുന്ന പ്രക്ഷോഭക്കാർ പലയിടത്തും അക്രമാസക്തരായി. സമരക്കാർ ബസുകൾക്ക് നേരെ കല്ലെറിയുകയും ടയറുകൾ റോഡിൽ കത്തിക്കുകയും ചെയ്തു. പലയിടത്തും കടകൾ‌ ബലമായി അടപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധക്കാർ നീങ്ങിയത്.

സംവരണ പ്രക്ഷോഭത്തിനിടെ യുവാവ് പുഴയിൽച്ചാടി മരിച്ചതിനു പിന്നാലെയാണു മറാഠകൾ ബന്ദ് പ്രഖ്യാപിച്ചത്. ഏറെക്കാലത്തെ ആവശ്യമായ തൊഴിൽ – വിദ്യാഭ്യാസ സംവരണം അനുവദിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് മറാഠകൾ ഒൗറംഗാബാദിൽ നടത്തിയ സമ്മേളനത്തിനിടെ കാക്കാസാഹെബ് ദത്താത്രേയ ഷിൻഡെ (28) എന്ന മറാഠ യുവാവാണു തിങ്കളാഴ്ച നദിയിൽ ചാടി ജീവനൊടുക്കിയത്. ഷിൻഡെയുടെ പാത പിന്തുടർന്ന ഔറംഗാബാദിൽ രണ്ടു യുവാക്കൾ നദീതടത്തിലേക്കു ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളെ പൊലീസ് പിടികൂടി പിന്തിരിപ്പിച്ചു.

∙ കഞ്ചൂർമാർഗ്, ഭൻഡപ് മേഖലകളിൽ രണ്ടു ബസുകൾ പ്രക്ഷോഭക്കാർ തകർത്തു. ബ്രിഹൻമുംബൈയിലെ വെദ്യുതിബന്ധവും ഗതാഗതവും ഭാഗികമായി നിർത്തി.
∙ ലാത്തൂരിലെ ഉദ്ഗിറിൽ രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ബലമായി കടകൾ അടപ്പിക്കാൻ ശ്രമിച്ചതും പച്ചക്കറി വാഹനം തകർക്കാൻ ശ്രമിച്ചതുമാണ് പ്രശ്നത്തിനു കാരണം.
∙ ഒല, ഊബർ ടാക്സികളും സർവീസ് നടത്തുന്നില്ല. മൊബൈൽ ആപ്പു വഴി ബുക്ക് ചെയ്യാൻ ശ്രമിച്ചിട്ടും കിട്ടാത്ത സ്ഥിതിയാണ്.
∙ സംഘർഷത്തെ തുടർന്ന് പാക്ക്സൈറ്റ് പൊലീസ് സ്റ്റേഷനിൽ അഞ്ചുപേരെ കസ്റ്റ‍ി‍ഡിയിലെടുത്തു.
∙ താനെയിൽ ജനങ്ങൾ ട്രെയിൻ ഗതാഗതം തടഞ്ഞു. പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റിയശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
∙ ദാദറിലും ചെമ്പൂറിലും പ്രതിഷേധം സമാധാനപരം.

Maratha Bandh പ്രതിഷേധക്കാരുടെ മാർച്ചിൽനിന്ന്. ചിത്രം: വിഷ്ണു വി. നായർ