Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ.എൻ.ഷംസീറിന്റെ ഭാര്യ ജോലി ചെയ്ത തസ്തികയിലെ ഒഴിവ് മറച്ചുവച്ച് സർവകലാശാല

Kannur University

കണ്ണൂർ∙ റാങ്ക് പട്ടിക മറികടന്നു സിപിഎം എംഎൽഎയുടെ ഭാര്യയ്ക്കു അസിസ്റ്റന്റ് പ്രഫസറായി കരാർ നിയമനം നൽകിയതിനു പിന്നാലെ ഇവർ നേരത്തെ ജോലി ചെയ്ത തസ്തികയിലെ ഒഴിവു മറച്ചുവച്ചും സർവകലാശാലയുടെ കള്ളക്കളി. വിവാദ നിയമനവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ അന്തിമവിധി വരുന്നതുവരെ പഴയ തസ്തിക ഒഴിച്ചിടാനുള്ള നീക്കം നടക്കുന്നതായാണ് ആക്ഷേപം.

കണ്ണൂര്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിൽ എംഎഡ് വിഭാഗത്തിലാണ് എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യ പി.എം.സഹലയെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. നേരത്തെ ഇതേ സ്ഥാപനത്തിലെ ബിഎഡ് വിഭാഗത്തിൽ അധ്യാപികയായിരുന്ന ഇവർ ഇവിടെനിന്നു വിടുതൽ വാങ്ങിയാണു എംഎഡ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. ഇതോടെ ബിഎഡ് വിഭാഗത്തിൽ ഒഴിവുവന്ന തസ്തികയിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും പകരം നിയമനം നടത്തിയില്ല. കരാ‍ർ നിയമനത്തിനായി റാങ്ക് പട്ടിക നിലവിരിക്കെയാണു സർവകലാശാലയുടെ മെല്ലെപ്പോക്ക്.

നേരത്തേ എംഎഡ് വിഭാഗത്തിലെ അധ്യാപക ഒഴിവിലേക്കു നടന്ന അഭിമുഖത്തിൽ ഒന്നാം റാങ്കുകാരിയായ ഉദ്യോഗാർഥിയെ മറികടന്നായിരുന്നു രണ്ടാം റാങ്കുകാരിയായ സഹലയ്ക്കു നിയമനം നൽകിയത്. സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. ഈ നിയമനത്തിനെതിരെ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണയിലാണ്. ഈ ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ ബിഎഡ് വിഭാഗത്തിലെ തസ്തിക ഒഴിച്ചിടാനാണു ശ്രമമെന്നാണു പരാതി.

സർവകലാശാലയിലെ പഠനവിഭാഗങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ടായാൽ ഒരാഴ്ചയ്ക്കുള്ളിൽ പകരം സംവിധാനമൊരുക്കണമെന്നാണു ചട്ടം. റാങ്ക് പട്ടിക ഇല്ലെങ്കിൽ സർവകലാശാലയുടെ മുൻകൂർ അനുമതിയില്ലാതെ തന്നെ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ വകുപ്പ് മേധാവിമാർക്ക് അധികാരവുമുണ്ട്. എന്നാൽ റാങ്ക് പട്ടിക നിലവിലുണ്ടായിട്ടും ഒഴിവ് നികത്താൻ സർവകലാശാല അധികൃതർ തയാറാകുന്നില്ലെന്നാണു പരാതി. സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ ബിഎഡ് വിഭാഗത്തിലെ നാച്ചുറൽ സയൻസ് വിഷയത്തിലുള്ള ഏക അധ്യാപക തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്.  

related stories