മുംബൈ ∙ മഹാബലേശ്വറിലേക്കുള്ള 34 അംഗ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് 500 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച 33 പേരിൽ 30 പേരുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു. മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നു മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
മുംബൈയിൽ നിന്നു 180 കിലോമീറ്റർ അകലെ റായ്ഗഡ് ജില്ലയിലെ പൊലാഡ്പുരിനു സമീപം അംബേനാലി ഘട്ടിലാണ് അപകടമുണ്ടായത്. രത്‌നഗിരി ജില്ലയിലെ ദാപ്പോളി ഡോ. ബാലാസാഹേബ് സാവന്ത് കൊങ്കൺ കൃഷി വിദ്യാപീഠ് കാർഷിക സർവകലാശാലയിലെ ഉദ്യോഗസ്ഥരും ഡ്രൈവറും ചേർന്ന 34 പേരാണു ബസിലുണ്ടായിരുന്നത്. രക്ഷപ്പെട്ടതു പ്രകാശ് സാവന്ത് ദേശായി എന്നയാൾ മാത്രം. മരത്തിൽ കുരുങ്ങിക്കിടന്നതാണു പ്രകാശിനു തുണയായത്. ഇയാൾ പരുക്ക് വകവയ്ക്കാതെ അരമണിക്കൂർക്കൊണ്ടു റോഡിൽ കയറിപ്പറ്റി അപകടവിവരം പുറംലോകത്തെ അറിയിക്കുകയായിരുന്നു.
എല്ലാവരും ആഘോഷത്തിമിർപ്പിലായിരുന്നെന്നും തമാശ കേട്ടു ഡ്രൈവർ തിരിഞ്ഞു നോക്കിയതിനിടെ ബസ് കൊക്കയിലേക്കു മറിയുകയായിരുന്നെന്നും പ്രകാശ് പറഞ്ഞു. കനത്ത മഴ കാരണം റോഡിൽ വഴുക്കലുമുണ്ടായിരുന്നു.
എഎൻഐ ട്വീറ്റ് ചെയ്ത രക്ഷാപ്രവർത്തനത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം:












