ചെന്നൈ ∙ ബെംഗളൂരുവിൽനിന്നു തിരുവല്ലയ്ക്കു പോയ സ്വകാര്യ ബസ് സേലത്ത് അപകടത്തിൽപ്പെട്ട് രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഏഴു മരണം. ഇതിൽ ആറു പേർ മലയാളികളാണ്. നാലു പേർ ഒരു കുടുംബത്തിലെ അംഗങ്ങൾ. ആലപ്പുഴ സ്വദേശി ജോർജ് ജോസഫ് (60), ഭാര്യ അൽഫോൻസ (55), മകൾ ടിനു ജോസഫ് (32), ഭർത്താവ് തൃശൂർ സ്വദേശി സിജി വിൻസെന്റ് (35), ബെംഗളൂരു എസ്ജി പാളയയിൽ സ്ഥിരതാമസമാക്കിയ ആലപ്പുഴ എടത്വ സ്വദേശി പ്രഫ. ജിം ജേക്കബ് കരിക്കംപള്ളി (58), ഷാനു (28), ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന തിരിച്ചറിയാത്ത പുരുഷൻ എന്നിവരാണ് മരിച്ചത്.

ബെംഗളൂരുവിൽനിന്നു തിരുവല്ലയിലേക്കു പോയ സ്വകാര്യ ബസിൽ സേലത്തുനിന്നു കൃഷ്ണഗിരിയിലേക്കു പോയ ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. സംസ്ഥാനപാതയിൽ മാമാങ്കത്താണ് പുലർച്ചെ 1.45 ഓടെ അപകടമുണ്ടായത്. സേലത്തിന് സമീപം മാമാങ്കത്ത് വച്ച് വഴിയരുകിൽ നിർത്തിയിട്ട പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച ശേഷം മീഡിയൻ മറികടന്ന് തമിഴ്നാട് ബസ് തിരുവല്ലയിലേക്കുള്ള ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പരുക്കേറ്റവരിൽ ലക്ഷദ്വീപ് സ്വദേശി ഉള്‍പ്പെടെ 15 മലയാളികളുണ്ട്. നിസാര പരുക്കേറ്റ നാലു മലയാളികൾ നാട്ടിലേക്കു തിരിച്ചു. പരുക്കേറ്റ 31 പേരെ സേലത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മരണ സംഖ്യ കൂടാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടം നടന്നയുടന്‍ ജില്ലാ കലക്ടര്‍ രോഹിണിയുടെ നേതൃത്വത്തിൽ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.