പത്തനംതിട്ട∙ ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ പമ്പ, ആനത്തോട് ഡാമുകൾ വീണ്ടും തുറന്നു വിട്ടു. പമ്പാ ത്രിവേണി പൂർണമായും വെള്ളത്തിൽ മുങ്ങി. നിറപുത്തരിക്കായി ശബരിമല ക്ഷേത്രനട വൈകിട്ട് അഞ്ചിനു തുറക്കാനിരിക്കെ വീണ്ടുമുണ്ടായ വെള്ളപ്പൊക്കം ശബരിമല തീർഥാടകരെയും ആശങ്കയിലാക്കി. പമ്പയിലെ സ്ഥിതി അപകടകരമാണ്. കടകളും മറ്റും പൂർണമായും മുങ്ങി. തീർഥാടകരെ പത്തനംതിട്ടയിലും എരുമേലിയും തടയാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.
നിറപുത്തരി, ചിങ്ങമാസപൂജ എന്നിവയ്ക്കായി നട തുറക്കുന്നതിനാൽ അയ്യപ്പന്മാർ തിങ്കളാഴ്ച മുതൽ വന്നു തുടങ്ങും. വനമേഖലയിലും ശബരിഗിരി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും നല്ല മഴയാണ്. ത്രിവേണി പാലം കടന്നു വേണം പമ്പാ ഗണപതികോവിലിലേക്കു പോകാൻ. പാലം കടന്നു മണപ്പുറത്തെ റോഡിലേക്ക് ഇറങ്ങാൻ കഴിയില്ല. ശബരിമല സന്നിധാനം ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇരുപത്തഞ്ചോളം വൈദ്യുതി തൂണുകൾ തകർന്നു. പമ്പയിലെ ശർക്കര ഗോഡൗണിൽ വെള്ളം കയറി. ഹോട്ടലുകൾക്കു വലിയ തോതിൽ നഷ്ടമുണ്ടായി. ഒരു ഹോട്ടലിൽനിന്നുമാത്രം 18 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ 150 സെന്റീമീറ്ററിലേക്ക് ഉയര്‍ത്തി. ശക്തമായ മഴപെയ്തതിനെത്തുടർന്നു മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും 30 സെന്റീമീറ്റർ ഉയർത്തി. കൽപ്പാത്തിപ്പുഴയിൽ വെള്ളം ഉയരുന്നു. മൂന്നിടങ്ങളിലും നദീതീരങ്ങളിലുള്ളവര്‍ക്കു ജാഗ്രതാനിര്‍ദേശം നൽകി. ഇടുക്കി ഡാമിലെ ജലനിരപ്പ് സുരക്ഷിത പരിധിയിലെത്തിയെങ്കിലും ഇടമലയാര്‍ ഡാമില്‍നിന്നു കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഡാമുകൾ തുറന്നതിന്റെ വാർത്തകളും ചിത്രങ്ങളും ചുവടെ