Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെലിവിഷൻ, കിടക്ക, ലൈബ്രറി; മല്യയ്ക്കായി ആർതർ റോഡ് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ

Vijay Mallya വിജയ് മല്യ

ന്യൂഡൽഹി∙ ടെലിവിഷൻ, സ്വകാര്യ ശുചിമുറി, കിടക്ക, വസ്ത്രങ്ങൾ കഴുകാനുള്ള സ്ഥലം, മുറ്റം... മദ്യ വ്യവസായി വിജയ് മല്യയെ പാർപ്പിക്കാൻ ഉദേശിക്കുന്ന ആർതർ റോഡ് ജയിലിലെ ബാരക്ക് നമ്പർ 12ലെ സൗകര്യങ്ങളിൽ ചിലതു മാത്രമാണ് ഇത്. ബ്രിട്ടനിലെ മജിസ്ട്രേട്ട് കോടതിയിൽ സിബിഐ സമർപ്പിച്ച എട്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലാണ് ഇവ വിശദീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെത്തിച്ചാൽ തന്നെ പീഡിപ്പിക്കുമെന്നുള്ള മല്യയുടെ വാദത്തെ തുടർന്നു ആർതർ റോഡ് ജയിലിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു.

ഇതുകൂടാതെ ജയിലിലെ മെഡിക്കൽ സൗകര്യങ്ങൾ, സുരക്ഷ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും സിബിഐ കോടതിയെ ധരിപ്പിച്ചു. കൊടുംകുറ്റവാളികളെയോ, അതീവ സുരക്ഷാപ്രാധാന്യമുള്ള കുറ്റാരോപിതരെയോ ആണു 12–ാം നമ്പർ ബാരക്കിൽ പാർപ്പിക്കുക. രണ്ടുനിലകളിലായി എട്ടു സെല്ലുകളാണിവിടെ. സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരുമായി അതീവ ജാഗ്രതയുണ്ടാകും. അടുത്തിടെ ആഭ്യന്തര വകുപ്പ് ജയിലിൽ സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. ഈ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചുണ്ട്. മല്യയ്ക്ക് പ്രത്യേകമായി ലൈബ്രറി സൗകര്യം ഒരുക്കുമെന്നും സിബിഐ വ്യക്തമാക്കി.

9000 കോടി രൂപയുടെ വായ്പാ തട്ടിപ്പു കേസിൽ പ്രതിയായ മല്യയെ കഴിഞ്ഞ ഏപ്രിലിൽ ലണ്ടനിൽ അറസ്റ്റ് ചെയ്തിരുന്നു. അന്നു മുതൽ ജാമ്യത്തിലാണ്. മല്യയെ വിട്ടുകിട്ടാനുള്ള കേസിൽ ഡിസംബർ മുതൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതി വാദം കേൾക്കുകയാണ്. മജിസ്ടേട്ട് കോടതി വിധി അനുകൂലമായാലും മല്യയെ ഇന്ത്യയിലെത്തിക്കുക എളുപ്പമാകില്ല. നാടുകടത്തൽ ഉത്തരവ് വരാൻ രണ്ടുമാസം എടുക്കും. മേൽക്കോടതിയിൽ അപ്പീലിനും അവസരമുണ്ട്.