ന്യൂഡൽഹി ∙ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ കർഷകനു ലഭിച്ചത് 32,000 പേജുകളടങ്ങിയ ഇംഗ്ലിഷ് മറുപടി. ഹരിയാനയിലെ സിർസ, ദർബകലാൻ ഗ്രാമത്തിലെ കർഷകനായ അനിൽ കിസ്വാനാണ് ജൂൺ 25ന് നൽകിയ അപേക്ഷ പ്രകാരം ഡെപ്യൂട്ടി കമ്മീഷണറിൽ നിന്ന് 'ഞെട്ടിക്കുന്ന' മറുപടി ലഭിച്ചത്. കടുക്, ഗോതമ്പ് എന്നിവയുടെ സംഭരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിനാണ് ഇയാൾ അപേക്ഷ നൽകിയത്. മറുപടി ലഭിക്കുന്നതിനായി 68,834 രൂപ ഇയാളില്‍നിന്ന് ഈടാക്കുകയും ചെയ്തു.
ഡെപ്യൂട്ടി കമ്മീഷണർക്കു ലഭിച്ച അപേക്ഷ ഹരിയാന സംസ്ഥാന കോപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിങ് ഫെഡറേഷനു കൈമാറി. അവരാണ് 32,017 പേജുകളിൽ 11 റജിസ്റ്റേർഡ‍് പാർസലുകളിൽ മറുപടി തയാറാക്കിയത്. ഇതിന്റെ ഭാരം 160 കിലോ വരുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലിഷിൽ തയാറാക്കിയ മറുപടിയാണു ഭാഷാ പരിജ്ഞാനമില്ലാത്ത കർഷകന് അയച്ചിരിക്കുന്നത്.
ചെറുകിട കർഷകനാണു ഞാൻ. കടുകും ഗോതമ്പും വിൽക്കുന്നതിനായി ചന്തയിൽ പോയപ്പോൾ കുറച്ചു ക്രമക്കേടുകൾ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതേ തുടർന്ന് അതു പുറത്തുകൊണ്ടുവരുന്നതിനാണ് അപേക്ഷ നൽകിയത്. 11–12 ചോദ്യങ്ങളാണ് അപേക്ഷയിൽ ഉണ്ടായിരുന്നത്. ഹിന്ദിയിൽ തന്നെ മറുപടി നൽകാൻ അപേക്ഷിച്ചിരുന്നു. എന്നാൽ മുഴുവൻ ചോദ്യങ്ങളുടെയും ഉത്തരം ഇംഗ്ലിഷിലാണ്. ഒരു പേജ് പോലും ഇംഗ്ലിഷില്‍ എനിക്ക് വായിക്കാൻ സാധിക്കുന്നില്ല– അനിൽ കിസ്വാൻ വ്യക്തമാക്കി.
വിവരാവകാശ അപേക്ഷയില്‍ നിന്നു പിന്നോട്ടുപോകുന്നതിനു ചില സർക്കാർ ഉദ്യോഗസ്ഥർ തന്നെ സമീപിച്ചിരുന്നതായും അദ്ദേഹം പരാതി ഉന്നയിച്ചു. പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണു അനിൽ ഇപ്പോൾ. സംഭവത്തിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് ആരോപിച്ച കിസ്വാൻ ശക്തമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.