ന്യൂഡൽഹി∙ ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നൽകുന്നതിനെതിരായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ പരാമർശം വിവാദത്തിൽ. ‘രാജ്യത്തിന്റെ പരമാധികാരത്തിൽ നിന്നുള്ള വ്യതിചലനം’ ആണ് ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എന്നാണ് ഡോവൽ അഭിപ്രായപ്പെട്ടത്.
ജമ്മു കശ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നൽകുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് ആർട്ടിക്കിൾ 370. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ, വല്ലഭ്ഭായ് പട്ടേലിനെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശനത്തിനിടെയാണ് ഡോവലിന്റെ പരാമർശം.
‘പരമാധികാര രാജ്യം സൃഷ്ടിക്കുകയെന്നാൽ പരമാധികാരമുള്ള ജനതയെ സൃഷ്ടിക്കുകയെന്നതാണ്. അതിനടിസ്ഥാനമായ ഭരണഘടന എല്ലായിടത്തേക്കുമുള്ളതാണ്. പക്ഷേ, ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം എവിടെയാണ് ഭരണഘടന? മുറിഞ്ഞ അവസ്ഥയിലാണ്. മറ്റൊരു ഭരണഘടനയാണ് ജമ്മു കശ്മീരിൽ. ഇത് പരമാധികാരത്തിൽനിന്നുള്ള വ്യതിചലനമാണ്’– ഡോവൽ പറഞ്ഞു.