പ്രസിഡന്റിന്റെ മെഡൽ നേടിയ വിദ്യാർഥിനിക്കു ഹരിയാനയിൽ കൂട്ടമാനഭംഗം

പ്രതീകാത്മക ചിത്രം.

ഗുരുഗ്രാം∙ സിബിഎസ്ഇ പരീക്ഷയിൽ റാങ്ക് നേടി പ്രസിഡന്റിന്റെ മെഡൽ കരസ്ഥമാക്കിയ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തതായി പരാതി. ഹരിയാനയിലെ രവാരിയിൽ ബുധനാഴ്ചയാണു സംഭവം. ഗ്രാമത്തിനു സമീപമുള്ള കോച്ചിങ് സെന്‍ററിലേക്കു പോകുകയായിരുന്ന രണ്ടാം വർഷ വിദ്യാർഥിനിയായ 19 കാരിയെ കാറിലെത്തിയ മൂന്നംഗ സംഘമാണു തട്ടിക്കൊണ്ടുപോയത്. കൃഷിസ്ഥലത്തെത്തിച്ച ശേഷം സംഘം പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

വിദ്യാർഥിനി ബോധരഹിത ആകുന്നതുവരെ പീഡിപ്പിച്ചശേഷം ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു. കൃഷിസ്ഥലത്ത് ഈ സമയം ഉണ്ടായിരുന്ന മറ്റു ചിലരും വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. ഇവരെല്ലാവരും തന്‍റെ ഗ്രാമത്തിലുള്ളവരാണെന്നു പെൺകുട്ടി മൊഴി നൽകി. പൊലീസ് ആദ്യം പരാതി സ്വീകരിക്കാൻ തയാറായില്ലെന്നും ആരോപണവിധേയരുടെ നിരന്തരമായ ഭീഷണിക്കിടയിൽ ഒരു സ്റ്റേഷനിൽനിന്നു മറ്റൊരിടത്തേക്ക് ഓടാൻ നിര്‍ബന്ധിതരായെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.

എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിൽ സീറോ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറ‌ഞ്ഞു. കൃത്യം നടന്ന പൊലീസ് സ്റ്റേഷൻ പരിധി വ്യക്തമല്ലെങ്കിൽ പരാതി ലഭിച്ച സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത ശേഷം പിന്നീട് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് മാറ്റാൻ കഴിയുന്നതാണു സീറോ എഫ്ഐആർ എന്നു പൊലീസ് വ്യക്തമാക്കി.