മുംബൈ ∙ ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നീടൊരിക്കലും മറക്കാത്ത തരത്തില്‍ അടുപ്പിക്കുന്ന സ്വഭാവത്തിനുടമ- അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഇങ്ങനെ ഓര്‍ക്കാനാണു മുംബൈയിലെ സുഹൃത്തുക്കള്‍ക്കിഷ്ടം. മുംബൈയില്‍ നാടകരംഗത്തു സജീവമായിരിക്കുന്ന കാലത്താണ് അദ്ദേഹം ചലച്ചിത്ര രംഗത്തെത്തിയത്. എക്കാലവും അദ്ദേഹം മുംബൈയിലെ നാടക സൗഹൃദങ്ങള്‍ നിലനിര്‍ത്തിയിരുന്നു. സഹോദരതുല്യമായ സ്‌നേഹവും വാല്‍സല്യവുമാണ് അദ്ദേഹത്തില്‍നിന്നു ലഭിച്ചത്. സിനിമാരംഗത്ത് ഇത്തരക്കാര്‍ അധികമില്ല - ക്യാപ്റ്റന്‍ രാജുവിന്റെ കൂടെ ഒട്ടേറെ നടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള ബാലാജി സ്മരിച്ചു. 1978ല്‍ 'പ്രതിഭ' അവതരിപ്പിച്ച എന്‍.എന്‍. പിള്ളയുടെ ഈശ്വരന്‍ അറസ്റ്റില്‍, മാട്ടുംഗ ബോംബെ കേരളീയ സമാജത്തിന്റെ കാഹളം, രാഗം തിയറ്ററിന്റെ സോഷ്യലിസം, കൈയും തലയും പുറത്തിടരുത് തുടങ്ങി ഒരു ഡസനോളം നാടകങ്ങളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ഓമല്ലൂര്‍ തലക്കാഞ്ഞരം പ്രൈമറി മിഡില്‍ സ്‌കൂളില്‍ ഏഴാം ക്ലാസ് വരെ ഒന്നിച്ചായിരുന്നു ഫാ. യൗനാന്‍ മുളമൂട്ടില്‍ കോര്‍ എപ്പിസ്‌കോപ്പയും ക്യാപ്റ്റന്‍ രാജുവും. പരിചയപ്പെടുന്നവരെ അടുപ്പിക്കുന്ന പ്രകൃതമാണു രാജുവിനെന്നു മര്‍ത്തമറിയം വനിതാസമാജം മുംബൈ ഭദ്രാസന വൈസ് പ്രസിഡന്റ് കൂടിയായ ഫാദര്‍ പറയുന്നു. സ്‌കൂള്‍ പഠനത്തിനുശേഷം പിരിഞ്ഞ ഞങ്ങള്‍ മുംബൈയില്‍ വീണ്ടും കാണുന്നതു ഞാന്‍ ദാദറില്‍ അസിസ്റ്റന്റ് വികാരി ആയിരുന്ന കാലത്താണ്. നാടകങ്ങളിലൂടെ രാജു മുംബൈയില്‍ അറിയപ്പെടുന്ന കാലമാണത്.
കുഞ്ഞുങ്ങളോട് ഏറെ വാല്‍സല്യമുള്ള മനുഷ്യന്‍. ഓഗസ്റ്റ് അഞ്ചിന് ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍ ഇത്ര പെട്ടെന്നു പിരിയുമെന്നു കരുതിയില്ല- അദ്ദേഹം ഓര്‍ക്കുന്നു.
കാഴ്ചയില്‍ ഗാംഭീര്യമുള്ള, 'തോളില്‍ തട്ടി' കാര്യം പറയുന്ന സാധാരണ മനുഷ്യന്‍. അസാധാരണമായ സാധാരണത്വമാണു തന്നെ അദ്ദേഹത്തോടടുപ്പിച്ചതെന്നു സാന്താക്രൂസ് നിവാസി ഷെറി ജോണ്‍ പറയുന്നു. ക്യാപ്റ്റന്‍ രാജു സാന്താക്രൂസ് വെസ്റ്റില്‍ താമസിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഞങ്ങളുടെ കാരള്‍ പതിവായിരുന്നു. നടനെന്ന ആരാധനയോടെയാണു പരിചയപ്പെട്ടത്. പിന്നീടു നടനെക്കാള്‍ ആ വ്യക്തിയോടായി ഇഷ്ടം- ഷെറി സ്മരിച്ചു.