ലോക്സഭയിൽ വരവറിയിക്കാൻ കമൽഹാസൻ; തന്ത്രം മെനയുക ട്രംപിന്റെ പ്രചാരകൻ

കമല്‍ ഹാസന്‍, അവിനാശ് ഇരിഗവരപു

ചെന്നൈ∙ തമിഴ്നാട്ടില്‍ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളുമായി മക്കള്‍ നീതി മയ്യം പ്രസിഡന്‍റ് കമല്‍ഹാസന്‍. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച അവിനാശ് ഇരിഗവരപു ആയിരിക്കും കമല്‍ഹാസനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുക. പാര്‍ട്ടി ഭാരവാഹികള്‍ക്കുള്ള പരിശീലന കളരികളിൽ അവിനാശും ഭാഗഭാക്കായി. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

തമിഴ്നാട്ടില്‍ വരാനിരിക്കുന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും പാര്‍ട്ടി മത്സരിക്കില്ലെന്നു കമല്‍ഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പു തന്നെയാണു ലക്ഷ്യം. പാര്‍ട്ടി ഭാരവാഹികള്‍ക്കു പ്രത്യേക പരിശീലനം നല്‍കികൊണ്ടു തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ക്കു കമല്‍ഹാസന്‍ തുടക്കമിട്ടു.

അമേരിക്കയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടേതടക്കം നിരവധി തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കുപിന്നില്‍ തന്ത്രങ്ങള്‍ മെനഞ്ഞത് അവിനാശ് ഇരിഗവരപു ആയിരുന്നു. കോയമ്പത്തൂരില്‍ നടന്ന മക്കള്‍ നീതി മയ്യം ഭാരവാഹികളുടെ യോഗത്തില്‍ അവിനാശ് പങ്കെടുക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളിലേക്കും യുവാക്കളിലേക്കും കമല്‍ഹാസന്‍റെ അഴിമതി വിരുദ്ധ ആശയങ്ങള്‍ എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികനങ്ങള്‍ക്ക് അതീവപ്രാധാന്യം കൊടുക്കുകയും മാതൃക ഗ്രാമങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി അതു പ്രചാരണായുധമാക്കുകയും ലക്ഷ്യമിടുന്നുണ്ട്.

തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയും തയാറായി കൊണ്ടിരിക്കുകയാണ്. എത്ര സീറ്റുകളില്‍ മത്സരിക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. ഇന്നലെ പൊള്ളാച്ചിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിന് പൊലീസ് നിബന്ധനകള്‍ മുന്നോട്ട് വച്ചെന്ന് കമല്‍ഹാസന്‍ ആരോപിച്ചു.