വാടകവീടിന്റെ പടികയറി ‘തിരുവോണം’; 10 കോടി തൃശൂർ അടാട്ടെ വീട്ടമ്മയ്ക്ക്

വല്‍സല സമ്മാനം കിട്ടിയ ടിക്കറ്റുമായി

തൃശൂർ ∙ കേരള ഭാഗ്യക്കുറിയുടെ ഓണം ബംപർ ഒന്നാം സമ്മാനം 10 കോടി രൂപ അടാട്ട് വിളപ്പുംകാൽ സ്വദേശി പള്ളത്ത് വീട്ടിൽ വൽസലയ്ക്ക്. ഭര്‍ത്താവ് മരിച്ച വൽസല (56) മൂന്നു മക്കളോടൊപ്പം അടാട്ടിലെ വാടക വീട്ടിലാണ് കഴിയുന്നത്. ചിറ്റിലപ്പിള്ളിയിലെ പഴയ വീടു തകർന്നതിനെത്തുടർന്ന് പുതിയ വീടു വയ്ക്കുന്നതിനാണ് ഇവര്‍ വാടക വീട്ടിലേക്ക് മാറിയത്. 

തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്. മണിയൻ ഏജൻസി വിറ്റ ടിബി 128092 ടിക്കറ്റിനാണ് ബംപറടിച്ചത്. വൽസലയ്ക്ക് ഏജൻസി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ ലഭിക്കും. ടിക്കറ്റ് വിറ്റ ഏജന്റിന് ഒരു കോടി രൂപയും കിട്ടും.

10 സീരിസുകളിലായി ആകെ 45 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ് ഇത്തവണ ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ 43.11 ലക്ഷം ടിക്കറ്റുകൾ വിറ്റു. ടിക്കറ്റ് വില 250 രൂപയായിരുന്നു. രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേർക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒൻപതു പേർക്കു നൽകും. 20 പേർക്ക് ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്.