Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി ജനവിശ്വാസം തകർത്തു; ഇനി കോൺഗ്രസിനെ പരീക്ഷിക്കൂ: രാഹുൽ

rahul-gandhi-in-public-rally വാർധയിലെ റാലിയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി. ചിത്രം: വിഷ്ണു വി.നായർ

വാർധ ∙ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളെ ഒന്നിപ്പിക്കാന്‍ ഗാന്ധിജി ശ്രമിച്ചപ്പോള്‍ ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനാണു മോദി ശ്രമിക്കുന്നതെന്നു രാഹുല്‍ ആരോപിച്ചു. ഗാന്ധിജി ഏറെക്കാലം ചെലവഴിച്ച മഹാരാഷ്ട്ര വാർധയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങൾ മോദിയെ പ്രധാനമന്ത്രിയാക്കി. നിങ്ങളുടെ വിശ്വാസങ്ങളെ അദ്ദേഹം തകര്‍ത്തിരിക്കുന്നു. ഇനി കോൺഗ്രസിനെയും മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളെയും വിശ്വസിക്കൂ. ജനങ്ങളെ ഒന്നിപ്പിക്കാനാണു ഗാന്ധിജി ശ്രമിച്ചത്. ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനാണു മോദി ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡിനെ (എച്ച്എഎൽ) മറികടന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനു റഫാൽ യുദ്ധവിമാനങ്ങളുടെ കരാര്‍ നല്‍കിയത് എന്തിനെന്ന് മോദി രാജ്യത്തോടു വിശദീകരിക്കണം’– രാഹുൽ പറഞ്ഞു.

മോദി രാജ്യത്തിന്റെ കാവൽക്കാരനല്ല (ചൗക്കിധാർ), മുതലാളിമാരുടെ പങ്കാളിയാണ് (ഭാഗിധാർ). റഫാലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ‘കണ്ണില്‍ നോക്കി’ മറുപടി പറയാന്‍ മോദിക്കു ഭയമാണ്. അദ്ദേഹം നുണ പറയുകയാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കര്‍ഷകര്‍ ഡൽഹിയിലേക്കു നടത്തിയ പ്രതിഷേധ പ്രകടനത്തെ പൊലീസ് തല്ലിച്ചതച്ചതിലും രാഹുൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി.

കോർപ്പറേറ്റുകളുടെ 3.20 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയ മോദി സര്‍ക്കാര്‍, കര്‍‌ഷകരുടെ കാര്യത്തില്‍ കണ്ണടക്കുന്നു. മൊബൈൽ ഫോൺ, പാദരക്ഷകൾ, വസ്ത്രം, ഗാഡ്ജറ്റുകൾ തുടങ്ങിയവയെല്ലാം ചൈനയിലാണു നിർമിക്കുന്നത്. മെയ്‌ക് ഇന്‍ ഇന്ത്യയെന്ന പേരില്‍ മോദി വ്യാജ വാഗ്ദാനം നല്‍കി കബളിപ്പിച്ചു. ബിജെപിയോ പ്രധാനമന്ത്രിയോ യുവാക്കള്‍ക്കു തൊഴില്‍ നല്‍കിയില്ല. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കാവുന്ന കാലമാണു കോണ്‍ഗ്രസിന്റെ വാഗ്‌ധാനം. കര്‍ഷകരുടെ കൂടെനിൽക്കും. ഇത്തവണ കോൺഗ്രസിനെ പരീക്ഷിക്കൂ– രാഹുൽ പറഞ്ഞു.