Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോഡ്സെ ഗാന്ധിയെ രക്ഷിച്ചു; ചെറിയ അഴിമതിക്കു നേരെ നെഹ്റു കണ്ണടച്ചു: വി.കല്യാണം

kalyanam വി.കല്യാണം (ഫയൽ ചിത്രം)

കൊച്ചി∙ ഗാന്ധിജിയെ വെടിവച്ചു കൊന്ന ഗോഡ്സെ യഥാർഥത്തിൽ അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നെന്നു മഹാത്മാ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി ആയിരുന്ന സ്വാതന്ത്ര്യ സമരസേനാനി വി.കല്യാണം. കൊച്ചി രാജ്യാന്തര പുസ്തകോൽസവത്തിന്റെ ഭാഗമായി ‘ഗാന്ധി ദർശനം സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

‘സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്തു വളർന്ന മതസ്പർധ, അഴിമതി, അശാന്തി എന്നിവയിൽ ഗാന്ധിജി ഏറെ അസ്വസ്ഥനായിരുന്നു. എത്രയും പെട്ടെന്ന് ഈ ലോകത്തുനിന്നു മടങ്ങാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതാണു ഗോഡ്സെയിലൂടെ നടപ്പായത്. ബ്രിട്ടിഷ് ഭരണകാലത്തും മുഗൾ ഭരണകാലത്തും ഒന്നായിരുന്ന ഇന്ത്യ സ്വാതന്ത്ര്യാനന്തരം മതസൗഹാർദം തകർന്നു 2 കഷണങ്ങളായി. മുഹമ്മദലി ജിന്നയുടെ അധികാര മോഹമാണ് അതിനു കാരണം. ജിന്നയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ ഗാന്ധിജി നെഹ്റുവിനോടു പറഞ്ഞെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. അതാണു വിഭജനത്തിൽ കലാശിച്ചത്.

സ്വതന്ത്ര ഇന്ത്യയിൽ അഴിമതിക്കു തുടക്ക കാരണം നെഹ്റുവാണ്. ചെറിയ അഴിമതികൾക്കു നേരെ അദ്ദേഹം കണ്ണടച്ചു. നെഹ്റുവും മൻമോഹൻ സിങ്ങും വ്യക്തിപരമായി സത്യസന്ധരായിരുന്നു. എന്നാൽ അവർ ഇരുവരും തങ്ങളുടെ ഭരണത്തിൽ കീഴിലുള്ള അഴിമതിക്കെതിരെ ഒന്നും ചെയ്യാൻ തയാറായില്ല എന്നതാണു പ്രശ്നം. കുറച്ചു കാലത്തേക്കെങ്കിലും ഒരു ഏകാധിപതി ഭരണം രാജ്യത്തിനു നല്ലതാണ്. അതു തന്നെയാണു സുഭാഷ് ചന്ദ്രബോസും പറഞ്ഞത്.

ഇപ്പോൾ ജനപ്രതിനിധികൾ പലരും കുറ്റവാളികളാണ്. ഇന്ത്യൻ രാഷ്ട്രപതി ശമ്പളം വാങ്ങാൻ പാടില്ലെന്നും എംപിമാരും എംഎൽഎമാരും 400 രൂപയിൽ കൂടുതൽ അലവൻസ് വാങ്ങരുതെന്നും ഗാന്ധിജി പറഞ്ഞിരുന്നു. എന്നാൽ സ്വാതന്ത്ര്യം കിട്ടി 3 മാസത്തിനകം ഗാന്ധിജിയെ മറന്നു. തന്റെ പ്രതിമ സ്ഥാപിക്കരുതെന്നും തന്റെ പേരിൽ സ്ഥാപനങ്ങൾ വേണ്ടെന്നും പറഞ്ഞ ഗാന്ധിജിയുടെ പ്രതിമകൾ സ്ഥാപിക്കുന്നതും അദ്ദേഹത്തിന്റെ പേരു നൽകുന്നതും അനാദരമാണ്’– കല്യാണം പറഞ്ഞു.