മഴ, അണക്കെട്ടു തുറക്കൽ മുന്നറിയിപ്പ്: കുട്ടനാട്ടിൽ വീണ്ടും അതീവ ജാഗ്രത

ജലനിരപ്പ് വീണ്ടും ഉയർന്നതിനെ തുടർന്നു കുട്ടനാട്ടിൽ വീണ്ടും ഭീതിയാണിപ്പോൾ. മങ്കൊമ്പ് മുണ്ടപ്പള്ളി ചിറയിലെ 13 വീടുകളിൽ വെള്ളം കയറി. മറ്റു മാർഗ‌‌മില്ലാത്തതിനാൽ സ്കൂൾ വിദ്യാർഥിയെ വള്ളത്തിൽ കയറ്റി കരയിലെത്തിക്കുകയാണ് കണിച്ചേരി തങ്കമ്മ. മങ്കൊമ്പിലേക്കുള്ള വികാസ് മാർഗ് റോഡ് മുങ്ങിക്കിടക്കുന്നതും കാണാം. ചിത്രം: ജാക്സൺ ആറാട്ടുകുളം ∙ മനോരമ

ആലപ്പുഴ ∙ ശക്തമായ മഴയുണ്ടാകുമെന്ന പ്രവചനവും അണക്കെട്ടു തുറക്കലും അറിഞ്ഞതോടെ, ഇനിയും വെള്ളപ്പൊക്കമുണ്ടായാൽ കുടുങ്ങാതിരിക്കാൻ കുട്ടനാട്ടിലും പമ്പാതീരത്തും ജനങ്ങൾ തയാറെടുപ്പു തുടങ്ങി. പലരും ബന്ധുവീടുകളിലേക്കു പോയി. അപ്പർകുട്ടനാട്ടിലും നാട്ടുകാർ അത്യാവശ്യ സാധനങ്ങൾ സംരക്ഷിക്കുന്നതടക്കം മുൻകരുതലുകൾ എടുത്തു തുടങ്ങി. പമ്പാനദിയിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. അച്ചൻകോവിലാറ്റിൽ ഒരടിയോളം ഉയർന്നിട്ടുണ്ട്. കിഴക്കൻ വെള്ളം കലങ്ങിമറിഞ്ഞെത്തുന്നതു നദീതീരവാസികളുടെ ആശങ്കയേറ്റുന്നു.

പ്രളയത്തിന്റെ ആഘാതത്തിൽനിന്ന് ഇനിയും മോചിതമാകാത്ത കുട്ടനാട്ടിൽ പലയിടത്തും രണ്ടു ദിവസമായി വെള്ളം ഉയരുന്നുണ്ട്. ചിലയിടങ്ങളിൽ മൂന്നടി വരെ വെള്ളം കയറിയതായി പറയുന്നു. പുലർച്ചെ വേലിയിറക്ക സമയത്തു വെള്ളം താഴുമെങ്കിലും വേലിയേറ്റമാകുമ്പോൾ വീണ്ടും ഉയരുന്നു. തുലാം പകുതിയോടെ പുഞ്ചക്കൃഷി ആരംഭിക്കാൻ ഒരുക്കം തുടങ്ങിയ കർഷകരും പരിഭ്രാന്തിയിലായി. പാടശേഖരങ്ങൾ വറ്റിച്ചുകൊണ്ടിരിക്കുകയാണ്. മാലിന്യങ്ങളും നീക്കി. വിത്തിനും നീറ്റുകക്കയ്ക്കുമുള്ള പണം പാടശേഖര ഭാരവാഹികൾ കർഷകരിൽനിന്നു സംഭരിച്ചു കഴിഞ്ഞു.

കിടങ്ങറ–നീരേറ്റുപുറം, വേഴപ്ര–എടത്വ, കിടങ്ങറ–ചതുർഥ്യാകരി റോഡിൽ ചിലയിടങ്ങളിൽ വെള്ളം കയറിയെങ്കിലും എവിടെയും ഗതാഗതം മുടങ്ങിയിട്ടില്ല. കാവാലം ജങ്കാർ കടവിൽ നേരിയ തോതിൽ ഇന്നലെ വെള്ളം കയറി. ആലപ്പുഴ–ചങ്ങനാശേരി റോഡിന്റെ വശങ്ങളിൽ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിലും എസി കനാൽ കവിഞ്ഞൊഴുകുന്ന സാഹചര്യം ഉണ്ടായിട്ടില്ല.

പമ്പാതീരത്ത് അധികൃതർ ജാഗ്രതാ നടപടി തുടങ്ങി. ചെങ്ങന്നൂർ മേഖലയിൽ ചില പഞ്ചായത്തുകളിൽ മൈക്കിലൂടെ മുന്നറിയിപ്പു നൽകി. അഗ്നിരക്ഷാസേന രക്ഷാസാമഗ്രികൾ എത്തിച്ചു. അവധിയിൽ പോയ സർക്കാർ ജീവനക്കാരെ തിരികെ വിളിച്ചു. ചെങ്ങന്നൂരിൽ ആർ‍ഡിഒ അതുൽ സ്വാമിനാഥന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥ യോഗം ചേർന്നു. പാണ്ടനാട് പഞ്ചായത്തിൽ ഇന്നു ദുരന്തനിവാരണസമിതി യോഗം ചേരും. ഏതു സാഹചര്യവും നേരിടാൻ ഒരുക്കം തുടങ്ങിയതായി മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ പറഞ്ഞു.

തോട്ടപ്പള്ളി സ്പിൽവേ: 32 ഷട്ടർ ഉയർത്തി 

അമ്പലപ്പുഴ ∙ നീരൊഴുക്കു ശക്തമായതിനെ തുടർന്നു തോട്ടപ്പളളി സ്പിൽവേയുടെ 32 ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് കണക്കിലെടുത്ത് ഇന്ന് ഉച്ചയോടെ 40 ഷട്ടറുകളും ഉയർത്താനാണു ജലവിഭവ വകുപ്പിനു ലഭിച്ച നിർദേശം.