യുഎസിനെ വിറപ്പിച്ച് മൈക്കിൾ ചുഴലിക്കാറ്റ്; ലക്ഷക്കണക്കിനു പേർ വീടൊഴിഞ്ഞു

മൈക്കിൾ ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ ആഞ്ഞടിച്ചപ്പോൾ തകർന്ന വീട്.

ഫ്ലോറിഡ∙ ഫ്ലോറന്‍സിനു പിന്നാലെ അമേരിക്കയെ വിറപ്പിച്ച് മൈക്കിൾ ചുഴലിക്കാറ്റ്. അപ്രതീക്ഷിതമായി കരുത്താര്‍ജിച്ച മൈക്കിൾ ചുഴലിക്കാറ്റ് മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗത്തില്‍ ഫ്ലോറിഡയില്‍ ആഞ്ഞടിച്ചു. 1992ലെ ആന്‍ഡ്രൂ ചുഴലിക്കാറ്റിനുശേഷം മേഖലയില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലിയാണിത്. ഫ്ലോറിഡ ഉൾപ്പെടെ മൂന്നു തീര സംസ്ഥാനങ്ങളിൽ യുഎസ് ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കാറ്റഗറി നാലില്‍ ഉള്‍പ്പെട്ട മൈക്കിൾ മെക്‌സിക്കന്‍ തീരത്താണ് ആദ്യം വീശിയത്. തീരത്താകെ കനത്തനാശം വിതച്ചാണു ചുഴലിക്കാറ്റ് ഫ്ലോറിഡയിലേക്കു നീങ്ങിയത്. കാറ്റിനുപിന്നാലെ കനത്ത മഴയും പ്രളയവുണ്ടായി. ഫ്ലോറിഡയില്‍ ചുഴലിക്കാറ്റില്‍ ഒരു മരണം സ്ഥിരീകരിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്നു ലക്ഷക്കണക്കിനു ജനങ്ങള്‍ ഫ്ലോറിഡയില്‍‌നിന്നു മാറി.

ഫ്ലോറി‌ഡയിലെ വിവിധ പ്രദേശങ്ങളിൽനിന്നും 21 ലക്ഷം പേരോടു ഒഴിഞ്ഞുപോകാനാണ് അധികൃതർ ആവശ്യപ്പെട്ടത്. ഫ്ലോറിഡയിലെ പാൻഹാൻഡിലിലും തെക്കൻ അലബാമയിലും ജോർജിയയിലുമായി 38 ലക്ഷം പേർക്ക് അതീവജാഗ്രത മുന്നറിയിപ്പു നൽകി. കാറ്റുവീശിയ മേഖലകളെല്ലാം വൈദ്യുതിബന്ധം തകർന്നതിനാൽ ഇരുട്ടിലാണ്. ഇതു രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. വിമാനത്താവളങ്ങള്‍ അടച്ചു. തീരദേശങ്ങളിലുള്ള റോഡുകളും നശിച്ചു.