Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ: റിലയൻസ് പങ്കാളിത്തം പരസ്പരധാരണയിൽ; കൂടുതൽ രേഖ പുറത്ത്

Rafale fighter aircraft

പാരിസ്∙ റഫാല്‍ യുദ്ധവിമാന കരാറിൽ ഇന്ത്യയിലെ നിർമാണ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ നിയോഗിക്കണമെന്നു കേന്ദ്ര സർക്കാരിന്റെ നിർബന്ധിത വ്യവസ്ഥ ഉണ്ടായിരുന്നതായി തെളിയിക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. റഫാൽ വിമാന നിർമാണക്കമ്പനിയായ ഡാസോ ഏവിയേഷനിലെ ട്രേഡ് യൂണിയൻ ‘സിജിടി’യാണ് പുതിയ രേഖ പുറത്തുവിട്ടത്. റഫാൽ ഇടപാടിൽ 2017 മേയ് 11നു നടന്ന ചർച്ചയുടെ വിശദാംശങ്ങൾ‍ അടങ്ങുന്നതാണ് ഇത്. കരാർ ലഭിക്കുന്നതിനായി റിലയൻസിനെ പങ്കാളിയാക്കുകയല്ലാതെ ഡാസോയ്ക്ക് മറ്റു മാർഗങ്ങളില്ലായിരുന്നു. പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇതെന്നും രേഖയിൽ പറയുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റഫാൽ കരാറിൽ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കണമെന്ന് ‘നിർബന്ധിതവും അടിയന്തരവുമായ’ വ്യവസ്ഥയുണ്ടായിരുന്നതായി കഴിഞ്ഞ ആഴ്ച ഫ്രഞ്ച് മാധ്യമം ‘മീഡിയപാർട്ട്’ വെളിപ്പെടുത്തിയിരുന്നു. ഫ്രാൻസ് സന്ദർശനത്തിനായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പുറപ്പെടുന്നതിനു തൊട്ടുമുൻപായിരുന്നു വാര്‍‍ത്ത പുറത്തുവന്നത്. കരാറിൽ ഇന്ത്യൻ പങ്കാളിയായി റിലയന്‍സിനെ കൊണ്ടുവന്നത് ഇന്ത്യൻ സർക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രൻസ്വ ഒലോൻദും വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഡാസോ ഈ ആരോപണങ്ങൾ നിഷേധിച്ചു. ഒാഫ്സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കണമെന്ന വ്യവസ്ഥ മാത്രമായിരുന്നു ചർച്ചയിൽ ഉണ്ടായിരുന്നതെന്നും റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ലെന്നും ഡാസോ അധികൃതർ പ്രതികരിച്ചു.