അമൃത്‌സർ∙ പഞ്ചാബിൽ ദസറ ആഘോഷത്തിനിടെ ട്രെയിൻ പാഞ്ഞു കയറി 60 ആളുകൾ കൊല്ലപ്പെട്ട സംഭവത്തിനു ഏകദേശം 30 സെക്കൻഡ് മുൻപു ഇതേ സ്ഥലത്തു കൂടി മറ്റൊരു ട്രെയിൻ കടന്നുപോയതായി സൂചന. ദസറ ആഘോഷത്തിന്റെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിൽ നിന്നാണ് ഇതു വ്യക്തമായത്. അപകടം ഉണ്ടാക്കിയ ട്രെയിൻ പോയതിന്റെ എതിർദിശയിലാണ് ഈ ട്രെയിൻ പോയത്. അമൃത്‌സറിൽ നിന്നു ബംഗാളിലെ ഹൗറയിലേക്കു പോയ ട്രെയിനാണ് ഇതെന്നും സൂചനയുണ്ട്.
രാവണന്റെ രൂപം കത്തിക്കുന്ന ‘രാവൺ ദഹൻ’ ചടങ്ങിനു മുൻപാണ് ഇത്. ഇതിനു ശേഷം രാവണന്റെ രൂപം കത്തിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തപ്പോൾ കൂടുതൽ ആളുകൾ ട്രാക്കിലേക്ക് ഓടി കയറി. ഈ സമയം ജലന്തർ–അമൃത്‌സർ പാസഞ്ചർ വന്നതാണു ദുരന്തത്തിനു വഴിവച്ചത്.
ദുരന്തത്തിനു തൊട്ടുപിന്നാലെ ട്രെയിനിന്റെ ലോക്കോ പൈലറ്റ് സമീപമുള്ള സ്റ്റേഷൻ മാസ്റ്ററെ അപടകടം വിവരം അറിയിച്ചിരുന്നു. അപകട കാരണത്തെ കുറിച്ച് അറിയുന്നതിന് ലോക്കോ പൈലറ്റിൽ നിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് ഏകദേശം എഴുനൂറോളം ആളുകൾ തടിച്ചുകൂടിയിരുന്നതായാണു കണക്കൂകൂട്ടുന്നത്.
പടക്കം പൊട്ടിക്കുന്ന ശബ്ദം മൂലം ട്രെയിൽ വരുന്നത് ജനക്കൂട്ടം അറിഞ്ഞില്ലെന്നാണു നിഗമനം. ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നു സംഭവസ്ഥലം സന്ദർശിച്ച റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലോഹാനി പറഞ്ഞു. ആളുകൾ ട്രാക്കിലേക്ക് അതിക്രമിച്ചു കയറിയതാണെന്നു വ്യക്തമാണ്.
നിശ്ചയിച്ച വേഗപരിധിയിൽ തന്നെയാണ് ട്രെയിൻ വന്നത്. ജനക്കൂട്ടത്തെ കണ്ടു വേഗം കുറയ്ക്കാൻ ലോക്കോ പൈലറ്റ് ശ്രമിക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്നു ജലന്തർ–അമൃത്‌സർ റെയിൽ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.