മഞ്ചേശ്വരം തിരഞ്ഞെടുപ്പു കേസ് തുടരുമെന്ന് സുരേന്ദ്രൻ; ഡിസംബർ മൂന്നിന് പരിഗണിക്കും

കൊച്ചി∙ മഞ്ചേശ്വരം തിര‍ഞ്ഞെടുപ്പു കേസിൽനിന്നു പിൻമാറുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ കേസ് പരിഗണിക്കുന്നതു ഹൈക്കോടതി ഡിസംബർ മൂന്നിലേക്കു മാറ്റിവച്ചു. കേസിൽ കക്ഷി ചേരാൻ താൽപര്യമുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ വ്യാപക കള്ളവോട്ടു നടന്നുവെന്നാരോപിച്ചായിരുന്നു കെ. സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. മഞ്ചേശ്വരം എംഎൽഎയായിരുന്ന പി.ബി. അബ്ദുൽ റസാഖ് മരിച്ച പശ്ചാത്തലത്തിൽ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്നു കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. കേസിൽനിന്നു പിന്മാറാനില്ലെന്ന നിലപാടു നേരത്തെ കെ. സുരേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

അബ്ദുൽ റസാഖിന്റെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണു കെ. സുരേന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. മരിച്ചവരും വിദേശത്തുള്ളവരും ചേർന്ന് 259 പേരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് കെ. സുരേന്ദ്രന്റെ വാദം. കേസിൽ കോടതി 67 സാക്ഷികൾക്കു സമൻസ് അയച്ചിട്ടുണ്ട്. 175 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയിട്ടുമുണ്ട്. ഹൈക്കോടതിയിൽ പരിഗണനയിലുള്ള കേസിൽ തീർപ്പുണ്ടായശേഷം മാത്രമേ ഉപതിരഞ്ഞെടുപ്പു സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാകൂ എന്ന നിലപാടിലാണു തിരഞ്ഞെടുപ്പ് കമ്മിഷൻ.