തിരുവനന്തപുരം∙ അഗ്നിശമനസേന കേരളമൊട്ടാകെ 140 കെട്ടിടങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ മിക്ക കെട്ടിടങ്ങളിലേയും സുരക്ഷാ സംവിധാനങ്ങളില്‍ അപാകത കണ്ടെത്തി. കെട്ടിടനിര്‍മാണചട്ടങ്ങളില്‍ അനുശാസിക്കുന്ന ഉയരപരിധി പല കെട്ടിടങ്ങളും ലംഘിച്ചതായും ആവശ്യമായ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സെപ്റ്റംബര്‍ മാസത്തിലെ ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു.
അഗ്നിശമനസേനയ്ക്ക് പൊലീസിനെപോലെ എന്‍ഫോഴ്സ്മെന്റ് അധികാരമില്ലാത്തതിനാല്‍ പലപ്പോഴും ‘ഉപദേശിയുടെ’ സ്ഥാനമാണ് ഉണ്ടാകാറുള്ളത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടാലും പല കെട്ടിട ഉടമകളും സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താറില്ല. തദ്ദേശ സ്ഥാപനങ്ങളിലെ സ്വാധീനം ഉപയോഗിച്ച് മിക്കവരും നിയമ നടപടികളില്‍നിന്ന് രക്ഷപ്പെടും. 1962 ലെ ഫയര്‍ഫോഴ്സ് ആക്ടില്‍ പരിഷ്ക്കാരം വരുത്തി അഗ്നിശമനസേനയ്ക്ക് എന്‍ഫോഴ്സ്മെന്റ് അധികാരങ്ങള്‍ നല്‍കണമെന്ന് സേന ആവശ്യപ്പെട്ടിട്ടുണ്ട്. കരട് ബില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഓരോ ജില്ലയിലും ഉയരത്തില്‍ മുന്നില്‍ നില്‍ക്കുന്ന 140 കെട്ടിടങ്ങളെയാണ് സെപ്റ്റംബറിൽ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയത്. സുരക്ഷാ സംവിധാനം കാര്യക്ഷമമായ ഒരു കെട്ടിടംപോലും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ സംവിധാനമില്ലാത്ത കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും, നടപടി എടുക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തെങ്കിലും അവസ്ഥയില്‍ മാറ്റമുണ്ടായില്ല.
ആയിരത്തിലധികം പേര്‍ക്ക് ഇരിക്കാവുന്ന സിനിമാശാലകളിലും പതിനായിരം ചതുരശ്രമീറ്റർ വിസ്താരമുള്ള മള്‍ട്ടിപ്ലക്സ് കെട്ടിടങ്ങളിലും മള്‍ട്ടിപ്ലക്സ് തിയറ്ററുകളിലും ഫയര്‍ സേഫ്റ്റി ഓഫിസറെ നിയമിക്കണമെന്ന് കരട് ബില്ലില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നൂറിലധികം മുറികളുള്ള ഹോട്ടലിലും 50 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള നോണ്‍ റെസിഡന്‍ഷ്യല്‍ ബില്‍ഡിങുകളിലും ഓയില്‍ - പ്രകൃതി വാതക റിഫൈനറികള്‍ എല്‍പിജി ബോട്ടിലിങ് പ്ലാന്റുകള്‍ എന്നിവിടങ്ങളിലും ഫയര്‍സേഫ്റ്റി ഓഫിസറെ നിയമിക്കണമെന്നാണ് ആവശ്യം.
പ്ലാസ്റ്റിക് ഫാക്ടറി കത്തിനശിച്ച് 500കോടിയോളം രൂപയുടെ നഷ്ടമുണ്ടായ തിരുവനന്തപുരം ജില്ലയില്‍ നടത്തിയ പരിശോധനയിലും ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഓപ്പറേഷന്‍ ‘അഗ്നിസുരക്ഷ’ എന്ന പേരില്‍ നടന്ന പരിശോധനയില്‍ ബഹുനില മന്ദിരങ്ങള്‍, ആശുപത്രികള്‍, മാളുകള്‍, തിയറ്ററുകള്‍ എന്നിവയില്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ പാളിച്ച കണ്ടെത്തി. കെട്ടിടങ്ങള്‍ നിയമപ്രകാരമുള്ള ഉയരപരിധി ലംഘിച്ചതായും സുരക്ഷാ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താത്തതിനാല്‍ അവ പ്രവര്‍ത്തനരഹിതമാണെന്നും കണ്ടെത്തിയിരുന്നു.
നിര്‍മാണ ഘട്ടത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കേണ്ടതിന്റെ ഉത്തരവാദിത്തം അഗ്നിശമന സേനയ്ക്കല്ല. കെട്ടിടത്തില്‍ ഏര്‍പ്പെടുത്തേണ്ട സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ച് പരിശോധിച്ചശേഷം സേന സൈറ്റ് ക്ലിയറന്‍സ് നല്‍കും. കെട്ടിടം പണി പൂര്‍ത്തിയായശേഷം വീണ്ടും പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രൂവല്‍ നല്‍കും. എല്ലാ വര്‍ഷവും പരിശോധന നടത്തി ഈ സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കണം. നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അറിയിപ്പ് നല്‍കണം. തദ്ദേശ സ്ഥാപനങ്ങളില്‍ പലതും നിയമലംഘനങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുന്നതിനാല്‍ സുരക്ഷാ വീഴ്ചകള്‍ ആവര്‍ത്തിക്കും.