കൊല്ലം∙ കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തെ പ്ലാസ്റ്റിക് ഉൽപന്ന നിർമാണ യൂണിറ്റുകളിൽ നടന്നത് നാലു വൻ തീപിടിത്തങ്ങളെന്ന് റിപ്പോർട്ട്. ഇതിലെ ഏറ്റവും വലുതാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മൺവിളയിലുണ്ടായത്. ഇതിനു മുൻപ് നടന്ന മൂന്നു പ്രധാന തീപിടിത്തങ്ങളും എറണാകുളം ജില്ലയിലാണ്.
2012 ഡിസംബർ 31ന് പെരുമ്പാവൂരിൽ ഒരു പ്ലാസ്റ്റിക് റീസൈക്കിളിങ് യൂണിറ്റ് പൂർണമായി കത്തി നശിച്ചിരുന്നു. ഇതു കൂടാതെ ആലുവയ്ക്കു സമീപവും പെരുമ്പാവൂരിലുമായി ഓരോ തീപിടിത്തങ്ങളുണ്ടായാതായാണ് ഈ വ്യാപാരമേഖലയിലുള്ളവർ പറയുന്നത്. ഇതിൽ ഒരെണ്ണം ഷോർട്ട് സർക്യൂട്ട് മൂലമായിരുന്നെങ്കിൽ മറ്റുള്ളവ മാലിന്യങ്ങൾക്കു തീപിടിച്ചുണ്ടായതായാണു വിലയിരുത്തൽ. ഒരു സംഭവത്തിൽ അട്ടിമറിയും അക്കാലത്തു സംശയിച്ചിരുന്നു.
സംസ്ഥാനത്താകെ ആയിരത്തി അഞ്ഞൂറോളം പ്ലാസ്റ്റിക് ഉൽപന്ന നിർമാണ യൂണിറ്റുകളുള്ളതായാണ് കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ കണക്ക്. പ്ലാന്റിനും യന്ത്രങ്ങൾക്കുമായി ഏകദേശം ആയിരം കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിലുണ്ട്. ഇതിൽ അഞ്ച് യൂണിറ്റുകൾ 5 കോടി രൂപയിലേറെ മുതൽമുടക്കിയുള്ളതാണ്. അതിലൊന്നാണ് മൺവിളയിലേത്.
ആയിരത്തോളം യൂണിറ്റുകൾ 15 മുതൽ 20 ലക്ഷം വരെ നിക്ഷേപമുള്ളവയാണ്. ഒരു കോടി രൂപയിലേറെ മുതൽമുടക്കിയിട്ടുള്ള 50 യൂണിറ്റുകൾ, 20 മുതൽ 50 ലക്ഷം വരെയുള്ള 250 യൂണിറ്റുകൾ എന്നിങ്ങനെയാണ് ബാക്കിയുള്ളവയുടെ കണക്ക്. ഇതിൽ 150 എണ്ണം പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റുകളാണ്. പ്രതിവർഷം മൂവായിരം കോടി രൂപയുടെ വിറ്റുവരവ് ഈ മേഖലയിലുണ്ടെന്നാണ് സംഘടനയുടെ ഏകദേശ കണക്ക്. നേരിട്ടു നാൽപതിനായിരത്തോളം പേർക്കു തൊഴിൽ നൽകുന്നു. എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ യൂണിറ്റുകളുള്ളത്. ചെറുകിട യൂണിറ്റുകളാണു ഭൂരിഭാഗവുമെന്നതിനാൽ മിക്കവയും കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനിലും അംഗങ്ങളാണ്.