തിരുവനന്തപുരം∙ റോഡിലെ തർക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ച സംഭവത്തിൽ യുവാവിനെ രക്ഷിക്കാനുള്ള അവസാന അവസരവും നഷ്ടപ്പെടുത്തിയത് പൊലീസ്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കാണ്. ഇതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന പൊലീസുകാരന് ഡ്യൂട്ടി മാറാനാണു വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കിയത്.
ഡിവൈഎസ്പിയുടെ ക്രൂരതയില്‍ മരണത്തോട് മല്ലടിച്ച സനലിനോട് ഒരു ദയയും പൊലീസ് കാട്ടിയില്ലെന്നതിന്റെ തെളിവാണ് മനോരമ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങള്‍. അതീവഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍നിന്ന് സനലിനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നത് രാത്രി 10.23 നാണ്. ആന്തരിക രക്തസ്രാവം മനസിലാക്കിയ ഡോക്ടര്‍ സനലിനെ വേഗം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ പൊലീസിനോടും കൂടെയുള്ള സുഹൃത്തിനോടും നിര്‍ദേശിച്ചു.
എന്നാല്‍ സുഹൃത്തിനെ ഒഴിവാക്കി ആംബുലന്‍സിലുള്ള സനലുമായി പൊലീസ് നേരേ പോയത് ആശുപത്രിയിലേക്കല്ല. മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ നെയ്യാറ്റിൻകര ടിബി ജംക്‌ഷന്‍ വഴി പോകേണ്ടതിനു പകരം ആംബുലന്‍സ് പോയത് പൊലീസ് സ്റ്റേഷനിലേക്കുള്ള നെയ്യാറ്റിൻകര ആലുംമൂട് റോഡിലേക്ക്. നെയ്യാറ്റിന്‍കര ഗേള്‍സ് ഹൈസ്കൂളിന്റെയും എസ്ബിഐ ബ്രാഞ്ചിന്റെയും ഇടയിലൂടെയുള്ള പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് 10.25 ന് ആംബുലന്‍സ് തിരിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
10.27 കഴിഞ്ഞാണ് പൊലീസ് സ്റ്റേഷന്‍ റോഡില്‍ നിന്ന് ആംബുലന്‍സ് പുറത്തേക്ക് വരുന്നത്. ജനറല്‍ ആശുപത്രിയില്‍ നിന്ന് നിമിഷം നേരം കൊണ്ട് ദേശീയപാതയിലൂടെ മെഡിക്കല്‍ കോളജിലേക്ക് പോകാം. എന്നാല്‍ ആംബുലന്‍സ് പൊലീസ് സ്റ്റേഷനിലേക്ക് പോയതോടെ നിര്‍ണായകമായ അഞ്ചുമിനിറ്റാണ് നഷ്ടമായത്. മെഡിക്കല്‍ കോളജിലേക്ക് പോകാതെ സനലിന്റെ ജീവനുമായി അരകിലോ മീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് ആംബുലന്‍സ് പോയതിന്റെ ന്യായമാണ് വിചിത്രം. പൊലീസുകാരന്റെ ഡ്യൂട്ടി മാറി പുതിയ ആളെ ചുമതലയേല്‍പ്പിക്കാനായിരുന്നു ഈ യാത്ര.
വാഹനമിടിച്ച് ഏറെ നേരം റോഡില്‍ കിടന്ന സനലിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് വൈകിയിരുന്നു. ഇതു കൂടാതെയാണ് ഡ്യൂട്ടിമാറാന്‍ പൊലീസുകാര്‍ ഗുരുതരാവസ്ഥയിലുള്ള സനലുമായി പൊലീസ് സ്റ്റേഷനിലേക്ക് ആംബുലന്‍സ് കൊണ്ടു പോയത്.
സംഭവത്തിൽ പ്രതിചേർത്ത നെയ്യാറ്റിൻകര ഡിവൈഎസ്പി ബി.ഹരികുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഹരികുമാറിനെ സർവീസിൽ നിന്നു നീക്കുമെന്നാണ് സൂചന. വകുപ്പുതല നടപടി പൂർത്തിയാക്കിയ ശേഷമാകും ഇത്. കൊലക്കേസാണ് ഹരികുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
ഡോക്ടര്‍മാരോട് പൊലീസ് ആത്മഹത്യാശ്രമമെന്നാണു പറഞ്ഞത്. ആഴത്തിലുള്ള മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാര്‍ വീണ്ടും ചോദിച്ചപ്പോഴാണ് വാഹനം ഇടിച്ചതാണെന്നു പറയുന്നത്. പിന്നീട് സര്‍ജറി വിഭാഗത്തിലേക്കു മാറ്റി. ആശുപത്രിയിലെത്തിയ സനലിന്റെ ബന്ധുക്കളോടും പൊലീസ് ഒന്നും പറഞ്ഞില്ല. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചശേഷം ബന്ധുക്കളോടു പറഞ്ഞയുടനെ നെയ്യാറ്റിന്‍കരയില്‍നിന്നെത്തിയ പൊലീസ് ആശുപത്രിയില്‍നിന്നു കടന്നു. ഈ വിവരം അവര്‍ ഡിവൈഎസ്പി ഹരികുമാറിനെയും അറിയിച്ചു. അതിനുശേഷമാണ് ഡിവൈഎസ്പി റൂറല്‍ എസ്പിയെ ബന്ധപ്പെട്ടത്. വാഹന അപകടമുണ്ടായതായും സ്ഥലത്തുനിന്ന് മാറുന്നുവെന്നുമാണ് ഡിവൈഎസ്പി എസ്പിയോടു പറഞ്ഞത്. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു.