ന്യൂഡൽഹി∙ കടലിനടിയിലെ ബോംബുകൾ നിർവീര്യമാക്കുന്ന മൈൻസ്വീപ്പർ കപ്പൽ വിദേശ പങ്കാളിത്തത്തോടെ നിർമിക്കുന്നതിനുള്ള ആഗോള ടെൻഡർ ക്ഷണിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. 32,640 കോടി രൂപ ചെലവിൽ 12 മൈൻസ്വീപ്പറുകൾ ഗോവ ഷിപ്‌യാർഡിൽ നിർമിക്കാനാണു നീക്കം. മെയ്ക്ക് ഇൻ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ പ്രതിരോധ പദ്ധതികളിലൊന്നായിരിക്കുമിതെന്നു നാവികസേനാ വൃത്തങ്ങൾ പറഞ്ഞു.
പദ്ധതി നടപ്പാക്കാനുള്ള സേനയുടെ ആദ്യ ശ്രമം നേരത്തേ പരാജയപ്പെട്ടിരുന്നു. ദക്ഷിണ കൊറിയൻ കമ്പനിയായ കാങ്നം കോർപറേഷന്റെ പങ്കാളിത്തത്തോടെ മൈൻസ്വീപ്പറുകൾ നിർമിക്കുന്നതിനുള്ള പദ്ധതി അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. പദ്ധതി ചെലവ്, സാങ്കേതിക വിദ്യാകൈമാറ്റം എന്നിവ സംബന്ധിച്ചു ധാരണയിലെത്താൻ കഴിയാത്തതാണു കഴിഞ്ഞ ജനുവരിയിൽ പദ്ധതിക്കു തടസ്സമായത്.
ഇതിനു പിന്നാലെ, മേയിൽ വിദേശ കമ്പനികളിൽ നിന്നു നാവികസേന വീണ്ടും പദ്ധതിക്കായി താൽപര്യപത്രം ക്ഷണിച്ചു. കാങ്നം കോർപറേഷൻ, ഇറ്റലിയിലെ ഇന്റർ മറീൻ കമ്പനി എന്നിവ താൽപര്യം അറിയിച്ചതായാണു സൂചന. ഇവയുൾപ്പെടെയുള്ളവയിൽ നിന്ന് വൈകാതെ ടെൻഡർ ക്ഷണിക്കുമെന്ന് അധികൃതർ അറിയിച്ചു.
60 % ഇന്ത്യൻ സാമഗ്രികൾ ഉപയോഗിച്ചാവും മൈൻസ്വീപ്പർ നിർമിക്കുക. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന കരുത്ത് വർധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ചുരുങ്ങിയത് 24 മൈൻസ്വീപ്പറുകൾ വേണമെന്നാണു സേനയുടെ ആവശ്യം. 1970കളിൽ അന്നത്തെ സോവിയറ്റ് യൂണിയനിൽ നിന്ന് ആറു മൈൻസ്വീപ്പറുകൾ വാങ്ങിയെങ്കിലും ഇതിൽ രണ്ടെണ്ണം മാത്രമാണു പ്രവർത്തനക്ഷമം.
മൈൻസ്വീപ്പർ
കടലിനടിയിലെ ബോംബുകൾ നിർവീര്യമാക്കാൻ കെൽപുള്ള അത്യാധുനിക സെൻസറുകൾ ഘടിപ്പിച്ച കപ്പൽ. രാജ്യത്തെ തുറമുഖങ്ങൾ, കപ്പൽ ചാലുകൾ എന്നിവ സംരക്ഷിക്കുകയാണു ദൗത്യം. ശരാശരി ഭാരം: 900 ടൺ. ലഭ്യമായ കണക്കുകൾ പ്രകാരം ചൈനയുടെ പക്കൽ ഒൻപതു മൈൻസ്വീപ്പറുകളുണ്ട്.