Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സനലിന്റെ മരണം: ഡിവൈഎസ്പി ഹരികുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടിസ്

harikumar-sanal ഒളിവിൽ കഴിയുന്ന ഡിവൈഎസ്പി ഹരികുമാർ, മരിച്ച സനൽ

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ സനലിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെയാണ് ലുക്ക് ഒൗട്ട് നോട്ടിസ് ഇറക്കിയത്. കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. എസ്പി അന്റണിക്കാണ് അന്വേഷണ ചുമതല. വകുപ്പുതല അന്വേഷണത്തിന്റെ ചുമതല എഐജി വിമലിനാണ്. അന്വേഷണ ടീം രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എത്രയും വേഗം അന്വേഷണം ആരംഭിക്കുമെന്നും എസ്പി ആന്റണി പറഞ്ഞു.

നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന എഎസ്പി സജിത്ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഡിവൈഎസ്പിയുടെ നാവായികുളത്തെവീട്ടിലും ബന്ധുവീടുകളിലും തിരച്ചില്‍ നടത്തി. ആദ്യദിവസം ബന്ധുക്കള്‍ മുഖേന കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചത്. ഡിവൈഎസ്പിയുടേയും അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കൊടങ്ങാവിളയിലെ എബിഎസ് ഫിനാന്‍സ് ഉടമ ബിനുവിന്റെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആണ്. ഡിവൈഎസ്പിയുടെ സുഹൃത്തുക്കളുടെ ഫോണുകളും സ്വിച്ച്‍്ഡ് ഓഫ് ചെയ്തിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈബര്‍ സെല്‍ ഫോണുകള്‍ പരിശോധിക്കുന്നുണ്ട്. ബിനുവിന്റെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഇതുവരെ നടത്തിയ പരിശോധനയില്‍ ഡിവൈഎസ്പിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് റൂറല്‍ എസ്പി അശോക് കുമാര്‍ പറഞ്ഞു. തമിഴ്നാട് അതിര്‍ത്തി മേഖലകളും മധുരയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.