മലപ്പുറം ∙ കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് മുസ്‌ലിം ലീഗ്. വിധി അന്തിമമല്ലെന്നും അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംപിയും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും പറഞ്ഞു.
കെ.എം. ഷാജി എക്കാലവും വർഗീയതയ്ക്കെതിരായ നിലപാടെടുത്തയാളാണെന്ന് കെ.പി.എ. മജീദ് പറഞ്ഞു. ഷാജിക്കെതിരായ ആരോപണം വ്യാജമാണ്. ഹൈക്കോടതിവിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കും. വർഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖ ഇറക്കിയെന്നാണ് ഷാജിക്കെതിരായ ആരോപണം. അത്തരമൊരു ലഘുലേഖ മുസ്‌ലിംലീഗ് ഇറക്കിയിട്ടില്ല. ലീഗിനോ യുഡിഎഫിനോ അതുമായി ബന്ധമില്ല. അത് കൃത്രിമമായി ഇറക്കിയതാണ്. പക്ഷേ കോടതി അത് രേഖയായി അംഗീകരിച്ചു. അതിനെതിരെ ലീഗ് മേൽക്കോടതിയിൽ പോകും. നിയമപരമായിത്തന്നെ നേരിടുകയും ചെയ്യും.
മണ്ഡലത്തിൽ വോട്ടർമാരെ വർഗീയമായി ധ്രുവീകരിക്കാൻ ശ്രമിച്ചു എന്ന ആരോപണം ഗൗരവമുള്ളതാണ്. ആ മണ്ഡജലത്തിൽ 21 ശതമാനം മുസ്‌ലിം വോട്ടർമാരേയുള്ളൂ. അതുകൊണ്ടുതന്നെ വർഗീയ ധ്രുവീകരണം നടത്തി വോട്ടു നേടാൻ ശ്രമിക്കുന്നത് നടപ്പുള്ളതല്ല. വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് എടുത്തയാളാണ് കെ.എം. ഷാജി. അതിന്റെ പേരിൽ അദ്ദേഹത്തിനു നേരേ ഭീഷണിയുമുണ്ട്. അങ്ങനെയൊരാൾ വർഗീയ ധ്രുവീകരണം നടത്തിയെന്നു പറയുന്നത് വിശ്വസനീയമല്ലെന്നും കെ.പി.എ. മജീദ് പറഞ്ഞു.