Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസോറമില്‍ പത്രിക സമര്‍പ്പിക്കാനുള്ള തീയതി നീട്ടില്ല; ബിജെപി ആവശ്യം തള്ളി

Mizoram Election

ന്യൂഡല്‍ഹി∙ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ എസ്.ബി. ശശാങ്കിനെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി നല്‍കണമെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.

പ്രിന്‍സിപ്പല്‍ ഹോം സെക്രട്ടറി ലാല്‍നന്‍മവിയ സുവാങ്ങോയെ സ്ഥാനത്തുനിന്നു മാറ്റണമെന്നു റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെ വിവിധ സാമൂഹിക - സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ശശാങ്കിനെതിരെ വന്‍ പ്രക്ഷോഭമാണു സംസ്ഥാനത്തു നടന്നത്. എന്നാല്‍, സിഇഒയെ ഡല്‍ഹിയില്‍ വിളിപ്പിച്ചതിനു പിന്നാലെ പ്രതിഷേധങ്ങള്‍ക്ക് അയവുവന്ന സാഹചര്യം ചൂണ്ടിക്കാട്ടി, ആവശ്യം അംഗീകരിക്കാനാവില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപി സംസ്ഥാന ഘടകത്തിനു കത്തയയ്ക്കുകയായിരുന്നു.

പ്രഖ്യാപിച്ച തീയതികളില്‍ മാറ്റംവരുത്തുക എളുപ്പമല്ലെന്ന് നിയമവശവും മുന്‍ കോടതി ഉത്തവുകളും ഉദ്ധരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ ഏഴു ദിവസത്തിനകം പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കിയിരിക്കണം. ദിവസം നീട്ടി നല്‍കാന്‍ നിയമമില്ല. പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് പ്രക്രിയ ആദ്യംമുതല്‍ വീണ്ടും തുടങ്ങുകയാണ് ആകെ ചെയ്യാനാവുക.

ഈ വര്‍ഷമാദ്യം നടന്ന ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമാന ഹര്‍ജിയിലെ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബിജെപി അന്നു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചത്.

Narendra Modi

പ്രചാരണത്തിന് പ്രധാനമന്ത്രിയും

ഐസോള്‍∙ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജം പകരാന്‍ പ്രധാനമന്ത്രിയും എത്തുന്നു. തിരഞ്ഞെടുപ്പിന് തലേയാഴ്ച, 22ന് നരേന്ദ്ര മോദി സംസ്ഥാനത്തെത്തുമെന്നാണു സൂചന. ഐസോള്‍, ലുങ്ലെയ്, സെര്‍ചിപ് മണ്ഡലങ്ങളില്‍ റാലികളെ അഭിസംബോധന ചെയ്യും. മുഖ്യമന്ത്രി ലാന്‍ തന്‍ഹാവ്​ല മല്‍സരിക്കുന്ന രണ്ടു മണ്ഡലങ്ങളിലൊന്നാണു സെര്‍ചിപ്.

40 സീറ്റുകളിലേക്കു തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ബിജെപി 37 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. മൂന്നുപേരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡിന്റ് ജെ.വി. ലുന അറിയിച്ചു.

കഴിഞ്ഞ ഡിസംബറില്‍, തുയ്‌റില്‍ ഹൈഡ്രോ പവര്‍ പ്രോജക്ട് രാജ്യത്തിനു സമര്‍പ്പിക്കാനാണ് പ്രധാനമന്ത്രി ഇതിനുമുന്‍പ് മിസോറം സന്ദര്‍ശിച്ചത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷായും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും അടക്കമുള്ള നേതാക്കള്‍ സംസ്ഥാനത്തു സന്ദര്‍ശനം നടത്തിയിരുന്നു. അതേസമയം, കടുത്ത ത്രികോണ മല്‍സരം നടക്കുന്ന മിസോറമില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളാരും ഇനിയും പ്രചാരണത്തിനെത്തിയിട്ടില്ല.