തിരുവനന്തപുരം ∙ സോളർ വിവാദവുമായി ബന്ധപ്പെട്ട കേസിൽ എൽഡിഎഫ് സർക്കാരിനു വീണ്ടും തിരിച്ചടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണക്കേസിന്റെ അന്വേഷണ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി അനിൽകാന്ത് ഡിജിപിക്ക് കത്തുനൽകി. കേസ് നിലനിൽക്കില്ലെന്നും അനിൽ കാന്ത് കത്തിൽ പറയുന്നു.
അതേസമയം, വിഷയത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. അന്വേഷണത്തിനു പകരം ആളെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിജിപി രാജേഷ് ദിവാനും ഐജി ദിനേന്ദ്ര കശ്യപും നേരത്തെ പിന്മാറിയിരുന്നു.
സോളർ കേസ് പ്രതി സരിത എസ്.നായരെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഉമ്മൻ ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. സോളർ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്ന് ഉമ്മൻചാണ്ടിക്കെതിരെ കേസ് എടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അന്നു നീക്കം ഉപേക്ഷിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കാനാവില്ലെന്ന സുപ്രീംകോടതി മുൻ ജഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശത്തെ തുടർന്നായിരുന്നു ഇത്.