ബ്രിട്ടനിലും പിഎന്‍ബി വായ്പാതട്ടിപ്പ്; 271 കോടി തിരിച്ചുപിടിക്കാന്‍ നിയമയുദ്ധം

ലണ്ടന്‍ ∙ ബ്രിട്ടനിലും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വായ്പാ തട്ടിപ്പ്. ഇന്ത്യക്കാര്‍ ഡയറക്ടര്‍മാരായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 271 കോടി രൂപയുടെ വായ്പാതട്ടിപ്പാണു നടത്തിയിരിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാതിരുന്ന അഞ്ച് ഇന്ത്യക്കാര്‍, ഒരു അമേരിക്കന്‍ പൗരന്‍, മൂന്നു കമ്പനികള്‍ എന്നിവര്‍ക്കെതിരേ യുകെ ഹൈക്കോടതിയില്‍ ബാങ്ക് തട്ടിപ്പുകേസ് നല്‍കി. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ പിഎന്‍ബി (ഇന്റര്‍നാഷണല്‍) ലിമിറ്റഡിന് ബ്രിട്ടനില്‍ ഏഴു ശാഖകളാണുള്ളത്. തെറ്റിദ്ധരിപ്പിച്ചു കോടിക്കണക്കിനു രൂപയുടെ വായ്പ സംഘടിപ്പിച്ചുവെന്ന് ആരോപിച്ചാണ് ബാങ്ക് കോടതിയെ സമീപിച്ചിരിക്കുന്നത്. 

സൗത്ത് കാരലൈനയില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നതിനും കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കുന്നതിനുമാണ് വായ്പ നല്‍കിയതെന്നു ബാങ്ക് വ്യക്തമാക്കുന്നു. പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയും വ്യാജബാലന്‍സ് ഷീറ്റു സമര്‍പ്പിച്ചുമാണ് വായ്പയ്ക്കു യോഗ്യത നേടിയതെന്നും ബാങ്ക് ആരോപിക്കുന്നത്. 

2011-14 കാലയളവില്‍ സൗത്ത് ഈസ്‌റ്റേണ്‍ പെട്രോളിയം, പെസ്‌കോ ബീം യുഎസ്എ, ത്രിഷെ വിന്‍ഡ്, ത്രിഷെ റിസോഴ്‌സസ് എന്നീ കമ്പനികള്‍ക്ക് ലണ്ടനില്‍നിന്നു ഡോളറിലാണ് വായ്പ നല്‍കിയിരിക്കുന്നത്. പെസ്‌കോ ബീമിന്റെ എംഡി എ സുബ്രഹ്മണ്യവും സഹോദരന്‍ അനന്തരാമന്‍ ശങ്കറും ചെന്നൈയിലാണു താമസം. സിഇഒയും അമേരിക്കക്കാരനുമായ ല്യൂക്ക് സ്റ്റാന്‍ഗലിനെതിരേയും കേസ് നല്‍കിയിട്ടുണ്ട്.