Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദങ്ങൾക്കു ശമനം; മിസോറമിൽ മുഖ്യമന്ത്രി ലാൽ തൻഹാവ്‌ല നാമനിർദേശ പത്രിക സമർപ്പിച്ചു

Lal Thanhawla ലാൽ തൻഹാവ്‌ല

ഐസോൾ ∙ തിരഞ്ഞെടുപ്പു കമ്മിഷനുമായി പ്രാദേശിക–വിദ്യാർഥി സംഘടനകളുടെ കൊമ്പുകോർക്കലും ബ്രൂ വിവാദവുമെല്ലാമായി സംഘർഷഭരിതമായിരുന്ന മിസോറമിൽ പ്രക്ഷോഭങ്ങൾക്ക് അയവു വന്നതോടെ, മുഖ്യമന്ത്രി ലാൽ തൻഹാവ്‌ല രണ്ടു മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ചീഫ് ഇലക്ടറൽ ഓഫിസർ എസ്.ബി. ശശാങ്കിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കാനാകാതെ കഴിഞ്ഞ ദിവസം അദ്ദേഹത്തിനു മടങ്ങേണ്ടി വന്നിരുന്നു.

election-info-card-mizoram

അഞ്ചുവട്ടം മുഖ്യമന്ത്രിയായിരുന്ന തൻഹാവ്‌ല നിലവിൽ പ്രതിനിധീകരിക്കുന്ന സെർചിപ്പിനു പുറമേ, മ്യാൻമർ അതിർത്തി മണ്ഡലമായ സൗത്ത് ചമ്പെയിലും ജനവിധി തേടും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 40 സീറ്റിലേക്ക് 211 സ്ഥാനാർഥികളാണു മൽസരരംഗത്തുള്ളത്. കോൺഗ്രസും എംഎൻഎഫും ബിജെപിയും എല്ലാ സീറ്റിലും മൽസരിക്കും.

സ്ഥാനാർഥികളിൽ രണ്ടുപേരാണ് ക്രിമിനൽ കേസ് നേരിടുന്നവർ – കോൺഗ്രസിന്റെ ലാല്‍ തൻഹാവ്‌ലയും എംഎൻഎഫിന്റെ സോറംതന്‍ഗയും. ഇരുവരും അതതു പാർട്ടികളുടെ മുഖ്യമന്ത്രി സ്ഥാനാർഥികൾ! 2013 നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വത്തുവിവരം മറച്ചുവച്ചതാണു തൻഹാവ്‌ലയ്ക്കെതിരെയുള്ള കുറ്റം. ഈ വർഷം ജനുവരിയിൽ റജിസ്റ്റർ ചെയ്ത കേസിൽ കുറ്റക്കാരനെന്നു തെളിഞ്ഞാൽ ആറു മാസംവരെ തടവും പിഴയുമാണു ശിക്ഷ.

സോറംതൻഗയ്ക്കെതിരെ രണ്ടു ക്രിമിനൽ കേസുകളാണുള്ളത്. ഗൂഢാലോചന, പ്രേരണക്കുറ്റം, തെളിവു നശിപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനം തുടങ്ങിയവയാണു കുറ്റങ്ങള്‍. രണ്ടു കേസിലും കുറ്റം തെളിഞ്ഞാൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാം. 1998 മുതൽ 2008 വരെ മുഖ്യമന്ത്രിയായിരുന്ന സോറംതൻഗ ഇത്തവണ ഐസോൾ ഈസ്റ്റ് – I മണ്ഡലത്തിലാണു ജനവിധി തേടുന്നത്.

മൽസരരംഗത്തുള്ള മറ്റു പാർട്ടികൾ:

∙ ഏഴു പ്രാദേശിക പാർട്ടികളുടെ സഖ്യമായ സോറം പീപ്പിൾസ് മൂവ്മെന്റ് – 35 സീറ്റ്

∙ സോറംതാർ (ന്യൂ മിസോറം) പാർട്ടി – 24

∙ പീപ്പിൾസ് റപ്രസന്റേഷൻ ഫോർ ഐഡന്റിറ്റി ആൻഡ് സ്റ്റാറ്റസ് ഓഫ് മിസോറം (പ്രിസം) –15

∙ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) – ഒൻപത്

∙ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) – 5

മുഖ്യമന്ത്രി തൻഹാവ്‌ലയ്ക്കു പുറമേ, സെർച്ചിപ്പിൽ അദ്ദേഹത്തിന്റെ പ്രധാന എതിരാളികളായ സോറം പീപ്പിൾസ് മൂവ്മെന്റിന്റെ ലാൽദുഹോമ, പ്രിസം പാർട്ടി പ്രസിഡന്റ് വൻലൽറുവാട എന്നിവരും ഓരോ മണ്ഡലങ്ങളിൽകൂടി മൽസരിക്കുന്നുണ്ട്.

total-voters-mizoram

സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെ, നിയമസഭയിലെ വനിതാ പ്രാതിനിധ്യത്തിൽ ഇത്തവണയും കാര്യമായി മുന്നേറ്റമുണ്ടാകില്ലെന്ന് ഉറപ്പായി. നിലവിൽ മന്ത്രിസഭാംഗമായ വൻലൽഓംപുയി സോങ്തു മാത്രമാണു കോൺഗ്രസ് പട്ടികയിൽ ഇടംപിടിച്ച വനിത. എംഎൻഎഫ് ഒരു വനിതയെപ്പോലും സ്ഥാനാർഥിപ്പട്ടികയിൽ ഉള്‍പ്പെടുത്തിയില്ല. ബിജെപി ആറും സോറം പീപ്പിൾസ് മൂവ്മെന്റ് രണ്ടും വീതം വനിതകൾക്കു ടിക്കറ്റ് നൽകിയിട്ടുണ്ടെങ്കിലും വിജയസാധ്യത കുറവാണ്.

സംസ്ഥാന രൂപീകരണത്തിനു ശേഷം 46 വർഷത്തെ ചരിത്രത്തിൽ ആകെ നാലു വനിതകൾ മാത്രമാണ് നിയമസഭയിലെത്തിയിട്ടുള്ളത്. ഒരു വനിതാ എംഎൽഎ പോലും ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത നാഗാലാൻഡ് കഴിഞ്ഞാൽ, വനിതാ പ്രാതിനിധ്യത്തിൽ ഏറ്റവും പുറകിലുള്ള സംസ്ഥാനമാണു മിസോറം.