ഐസോള്‍ ∙ നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ മിസോറമില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ മാറ്റി. കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ എസ്.ബി. ശശാങ്കിനെ മാറ്റി പകരം ആശിഷ് കുന്ദ്രയെ നിയമിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്. 28-നു നടക്കുന്ന തിരഞ്ഞെടുപ്പ് ആശിഷ് കുന്ദ്രയാവും നിയന്ത്രിക്കുക.
രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരേ രംഗത്തെത്തിയതോടെ ഇതുവരെയുണ്ടാകാത്ത തരത്തിലുള്ള പ്രതിഷേധത്തിനാണു മിസോറം സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് പ്രിന്‍സിപ്പല്‍ ഹോം സെക്രട്ടറി ലാല്‍നന്‍മവിയ സുവാങ്ങോയെ സ്ഥാനത്തുനിന്നു മാറ്റണമെന്നു റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണു വിവിധ സാമൂഹിക - സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ശശാങ്കിനെതിരെ വന്‍ പ്രക്ഷോഭം നടന്നത്.
സിഇഒയെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹിയിലേക്കു വിളിപ്പിക്കുന്നതു വരെ പ്രക്ഷോഭം തുടര്‍ന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉന്നതതല സംഘത്തെ മിസോറമിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ശശാങ്കിനെ നീക്കാന്‍ തീരുമാനമെടുത്തത്.