‘അവ്നി’യുടെ മക്കളെ കണ്ടെത്തി; അമ്മയില്ലാതെ അതിജീവിക്കുമെന്നു പ്രതീക്ഷ

പ്രതീകാത്മക ചിത്രം

മുംബൈ ∙ 13 പേരുടെ ജീവനെടുത്ത നരഭോജിക്കടുവ എന്നാരോപിച്ചു സംസ്ഥാന സർക്കാർ വെടിവച്ചുകൊന്ന പെൺകടുവ ‘അവ്നി’യുടെ മക്കളെ കാട്ടിൽ കണ്ടെത്തി. കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയ കാര്യം മഹാരാഷ്ട്ര സർക്കാർ സ്ഥിരീകരിച്ചു. അവ്നിയെ വെടിവച്ച സംഭവം മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ആയിരക്കണക്കിനു മൃഗസ്നേഹികളാണ് ഇതിനെതിരെ രംഗത്തെത്തിയത്.

‘കടുവക്കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരാണ്. അമ്മയില്ലാതെ അതിജീവിക്കുന്നുണ്ട്. ഈ കടുവക്കുഞ്ഞുങ്ങൾ നരഭോജികളാകാം, ആകാതിരിക്കാം. സാഹചര്യങ്ങൾക്ക് അനുസരിച്ചാണു അതെല്ലാം സംഭവിക്കുക. എന്തായാലും അവയെ പുനരധവസിപ്പിക്കാനാകുമെന്നാണു പ്രതീക്ഷ’– വനംവകുപ്പ് ഉദ്യോഗസ്ഥൻ എ.കെ.മിശ്ര പറഞ്ഞു. പന്താർകാവ്ഡ- റാളെഗാവ്‌ വനമേഖലയിലെ പെൺകടുവയെ വനംവകുപ്പ് T1 എന്നു വിളിച്ചപ്പോൾ മൃഗസ്നേഹികളാണ് അവ്നി എന്നു പേരിട്ടത്.

6 വയസ്സുണ്ടായിരുന്ന അവ്നി, 10 മാസം പ്രായമുള്ള രണ്ടു കടുവക്കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു. അവ്നിയെ കൊന്ന സംഭവത്തിൽ മഹാരാഷ്ട്ര വനംമന്ത്രി സുധീർ മുൻഗൻതിവാറിനെ പുറത്താക്കണമെന്നു കേന്ദ്രമന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടു. അനിൽ അംബാനിക്കു സിമന്റ് പ്ലാന്റ് നിർമിക്കാൻ വിട്ടുകൊടുക്കുന്ന വനഭൂമിയിൽനിന്നു ‘ശല്യം’ ഒഴിവാക്കാനുള്ള നീക്കമാണെന്നും ആരോപണങ്ങളുയർന്നു. കൊല്ലാനുള്ള തീരുമാനമെടുത്തതിനെതിരെ രാഷ്ട്രപതിക്കു വരെ കത്തു ചെന്നു. കടുവ അതീവ അപകടകാരിയാണെന്നായിരുന്നു സർക്കാർ വാദം.