ആപ്പ് മുതൽ വസ്ത്രവും ടൂറിസവും വരെ; രാജ്യാന്തര തലത്തിൽ‌ താരമായി ആയുർവേദം

തറവാട് ഹെറിറ്റേജ് ഹോം

കൊച്ചി ∙ ആയുർവേദത്തിൽ എന്തെല്ലാം കൂട്ടുചേർക്കാം എന്നറിയാൻ എറണാകുളത്ത് ഹോട്ടൽ ലേ മെറിഡിയനിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ) സംഘടിപ്പിച്ചിട്ടുള്ള ആയുർവേദ സമ്മേളനത്തിൽ എത്തിയാൽ മതി. വസ്ത്രം, ടൂറിസം, ടെക്നോളജി എന്നു തുടങ്ങി വളർത്തിയെടുക്കാവുന്ന എന്തെല്ലാം വ്യവസായങ്ങൾ ആയുർവേദത്തിനൊപ്പം കൂട്ടു ചേരുമെന്ന് ഇവിടെയൊരുക്കിയിരിക്കുന്ന സ്റ്റാളുകൾ പറഞ്ഞു തരും.

രാജ്യാന്തര തലത്തിൽ ആയുർവേദം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു വ്യക്തമാക്കുന്നതായിരുന്നു അവിടെ നടക്കുന്ന സെഷനുകൾ. ‘ലോകം അറിയാൻ പോകുന്നതേ ഉള്ളൂ ദൈവത്തിന്റെ സ്വന്തം നാടും ദൈവത്തിന്റെ സ്വന്തം മരുന്നും’ എന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഫിസിയോതെറാപ്പിസ്റ്റ് ഡോ. അലി ഇറാനിയുടെ വാക്കുകൾ ആ മഹത്വം വ്യക്തമാക്കുന്നതായിരുന്നു. 

തറവാട് ഹെറിട്ടേജ്

കേരളത്തിലെത്തുന്ന ഏതൊരു വിദേശി ടൂറിസ്റ്റും ആദ്യം തിരഞ്ഞെടുക്കുന്ന ടൂറിസ്റ്റ് സ്പോട്ടുകളിലൊന്നാണു കുമരകം. വേമ്പനാട്ടു കായലിന്റെ സൗന്ദര്യവും പാരമ്പര്യത്തനിമയും ഒട്ടും ചോർന്നുപോകാതെ വിനോദ സഞ്ചാരിക്കു സമ്മാനിക്കാൻ ഒരുക്കിയിരിക്കുന്ന ഹെറിട്ടേജ് ഹോമാണു തറവാട്. 140 വർഷം പഴക്കമുള്ള തറവാടിനെ ടൂറിസ്റ്റുകൾക്കായി ഒരുക്കിയപ്പോൾ ഇവിടെയെത്തുന്ന ഏതൊരാൾക്കും വ്യത്യസ്തമായൊരു അനുഭവമായി മാറുന്നു ഇവിടുത്തെ താമസം.

മികച്ച ഹോസ്പിറ്റാലിറ്റിക്കൊപ്പം ആയുർവേദവും സുഖചികിത്സയും ഇവിടത്തെ പ്രത്യേകതയാണ്. കുറഞ്ഞ ചെലവിൽ കുട്ടനാടിന്റെ സൗന്ദര്യം പൂർണമായും അനുഭവിക്കാമെന്നതാണു തറവാട് ഹെറിട്ടേജ് മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനം. സീസണിൽ എസി ബാംബൂ കോട്ടേജിന് 2000 രൂപയാണ് ചാർജെങ്കിൽ എസി ഹെറിട്ടേജിന് 3500 രൂപ മാത്രം. ഓഫ് സീസണിലാകട്ടെ അത് 1800 മുതൽ 2800 വരെയായി കുറയുന്നു. തറവാട് ഹെറിട്ടേജിനു പുറമേ സോമതീരം, സുഖായുസ്, പുനർനവ തുടങ്ങി ടൂറിസവും ആയുർവേദവും സമന്വയിപ്പിച്ചുള്ള ഹെറിട്ടേജുകളുടെ സ്റ്റാളുകളുണ്ട് ഇവിടെ. 

കഷായം മുക്കിയ വസ്ത്രം

കഷായം മുക്കിയ വസ്ത്രമെന്നു പറയുമ്പോൾ സംശയിക്കേണ്ട. ആയുർവേദ മരുന്നുകൾ ഉപയോഗിച്ച് പ്രോസസ് ചെയ്ത വസ്ത്രങ്ങളാണ് നിരാമയ എന്ന ഫോർട്ടുകൊച്ചിയിലെ സ്റ്റാളിലുള്ളത്. കൃത്രിമ നിറങ്ങൾക്കു പകരം പ്രകൃതിയിൽ നിന്നു ലഭിക്കുന്ന നിറങ്ങൾ തന്നെ തുണിക്കുനൽകി വിൽപനയ്ക്കെത്തിക്കുകയാണു നിരാമയ. ധരിക്കുന്നതിനുള്ള ചുരിദാറും ഉടുപ്പുകളും മുതൽ യോഗയ്ക്കുള്ള വിരിയും പുതപ്പുമെല്ലാമാണു നിരാമായയുടെ ഉൽപന്നങ്ങൾ. പക്ഷെ നിർമിക്കുന്നതിൽ 99 ശതമാനവും വിദേശത്തേയ്ക്കു കയറ്റുമതി ചെയ്യുകയാണ് എന്നു കൂടി അറിയണം. നിരാമയയ്ക്ക് നിലവിൽ രണ്ടു ഒൗട്ട്‌ലെറ്റുകളാണ് ഉള്ളത്. ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും.

വടക്കൻ ജില്ലകളിൽനിന്നു നെയ്തുകിട്ടുന്ന വസ്ത്രങ്ങളിലെ കെമിക്കലുകൾ പൂർണമായും കഴുകിക്കളഞ്ഞ ശേഷം ആവശ്യമുള്ള നിറങ്ങളുടെ കൂട്ടുകഷായം തയാറാക്കി പ്രകൃതിദത്തമായ പശയും ഉപയോഗിച്ചു വസ്ത്രം മുക്കിവച്ചാണു തയാറാക്കുന്നത്. മഞ്ഞയ്ക്കും ഐവറി കളറിനും മഞ്ഞൾ, കാട്ടുമഞ്ഞൾ, മാതളനാരകത്തോട്, നാൽപാമരാദിത്തൈലം എന്നിവ ഉപയോഗിച്ചുള്ള കൂട്ട് തയാറാക്കുന്നു. ചുവപ്പ്, പിങ്ക്, പർപ്പിൾ നിറങ്ങൾക്ക് രക്തചന്ദനം, പതിമുഖം, മഞ്ചിസ്ഥാ എന്നിവയുടെ വ്യത്യസ്ത കോംപിനേഷനുകൾ. വർഷങ്ങൾക്കു മുമ്പേ പ്രകൃതിദത്ത ഉൽപന്നങ്ങളുടെ ഭാവി തിരിച്ചറിഞ്ഞ് മാത്യു എന്ന കൊച്ചിക്കാരനാണ് നിരാമയയുടെ പിന്നണിയിലുള്ളത്. 

മരുന്നുകളെക്കുറിച്ച് എല്ലാം

ആയുർവേദ സമ്മേളനത്തിൽ ചർച്ചയായ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആയുർവേദത്തിന്റെ വളർച്ച. ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മുന്നോട്ടുവന്ന നിരവധി സ്റ്റാർട്ടപ്പുകൾ അവരുടെ പ്രവർത്തനങ്ങളും ഭാവിയിൽ ആയുർവേദത്തിന്റെ ഡിജിറ്റൽ സാധ്യതകളും സമ്മേളനത്തിൽ പങ്കവുയ്ക്കുന്നുണ്ട്. ഇത്തരത്തിൽ സമ്മേളനത്തിലുള്ള സ്റ്റാളുകളിൽ ഒന്നാണ് ഏകവൈദ്യയുടേത്.

ആയുർവേദക്കൂട്ടുകളുടെയും ഉൽപനങ്ങളുടെയും വിവരങ്ങൾ എവിടെനിന്നും അറിയാനുള്ള സംവിധാനമാണ് ദ്രവ്യ എന്ന ആപ്പിലൂടെ ഈ സ്റ്റാർട്ടപ്പ് സംഘം ഒരുക്കിയിരിക്കുന്നത്. ലഘു സെർച്ചിലൂടെ വിരൽത്തുമ്പിലെത്തുന്ന വിവരങ്ങൾ, മരുന്നുചെടികളുടേതും ഫലങ്ങളുടേതുമുൾപ്പടെ നിരവധി ചിത്രങ്ങളും വിവരണങ്ങളും, പാരമ്പര്യമരുന്നുകൾ തുടങ്ങി ആപ്പിലൂടെ ഏകവൈദ്യ നൽകുന്നതു നിരവധി വിവരങ്ങൾ. ഇതോടൊപ്പം നിത്യജീവിതത്തിന് അനിവാര്യമായ ആരോഗ്യവിവരങ്ങൾ പ്രദാനം ചെയ്യുന്ന പോസ്റ്ററുകളും സ്റ്റാർട്ടപ്പിന്റേതായുണ്ട്.