Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം സമ്പൂര്‍ണ ആയുര്‍വേദ ചികിത്സാ ലഭ്യതയുള്ള സംസ്ഥാനം

shylaja-at-karumkulam

തിരുവനന്തപുരം ∙ തിരുവനന്തപുരത്തെ കരുംകുളം പഞ്ചായത്തില്‍കൂടി ആയുര്‍വേദ ഡിസ്‌പെന്‍സറി പ്രവര്‍ത്തനമാരംഭിച്ചതോടെ എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ചികിത്സാ സ്ഥാപനങ്ങളുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു. കരുംകുളം പഞ്ചായത്തിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടന വേളയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം സര്‍ക്കാര്‍, എന്‍എച്ച്എം. മേഖലയില്‍ ആയുര്‍വേദ സ്ഥാപനങ്ങളില്ലാത്ത തിരുവനന്തപുരം ജില്ലയിലെ കരുംകുളം, ആലപ്പുഴ ജില്ലയിലെ രാമങ്കരി, ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, എറണാകുളം ജില്ലയിലെ മഞ്ഞള്ളൂര്‍ എന്നീ നാല് പഞ്ചായത്തുകളില്‍ കൂടി സര്‍ക്കാര്‍ സഹകരണത്തോടെ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി. ഇതിനുവേണ്ട 16 പുതിയ തസ്തികകളും സര്‍ക്കാര്‍ സൃഷ്ടിച്ചു. 

മത്സ്യതൊഴിലാളി കുടുംബങ്ങള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് കരിംകുളം. ഓഖി ചുഴലിക്കാറ്റില്‍ അപകടങ്ങള്‍ സംഭവിച്ച, തുടര്‍ ചികിത്സയാവശ്യമുള്ളവര്‍ക്കും കരുംകുളം ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. 

എം. വിന്‍സന്റ് എംഎല്‍എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് ഹെസ്റ്റിന്‍ ഗ്രൈസന്‍, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. രമാ കുമാരി, ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ ഡോ. സുകേഷ് എസ്., ജില്ലാ പഞ്ചായത്തംഗം ഡി. സുജാത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ക്രിസ്തുദാസി തുടങ്ങിയവര്‍ പങ്കെടുത്തു.