യുകെയില്‍ നഴ്‌സുമാര്‍ക്ക് ഐഇഎല്‍ടിഎസ് പരീക്ഷയില്‍ ഇളവ്; റൈറ്റിങ് സ്‌കോര്‍ 6.5 ആയി കുറച്ചു

പ്രതീകാത്മക ചിത്രം

ലണ്ടന്‍ ∙ നഴ്‌സുമാര്‍ക്ക് ബ്രിട്ടണില്‍ ജോലി ചെയ്യുന്നതിന് ആവശ്യമായ ഇംഗ്ലീഷ് യോഗ്യതയില്‍ ഇളവു വരുത്താന്‍ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൌണ്‍സിലിന്റെ (എന്‍.എം.സി) തീരുമാനം. നഴ്‌സിങ് രജിസ്‌ട്രേഷനിലെ അടിസ്ഥാന യോഗ്യതയായ ഐ.ഇ.എല്‍.ടി.എസിലെ റൈറ്റിങ് മൊഡ്യൂളിന് 6.5 ബാന്‍ഡ് നേടിയാല്‍ ഇനി മുതല്‍ രജിസ്‌ട്രേഷന്‍ യോഗ്യത നേടാം. നിലവില്‍ ഇത് ഏഴായിരുന്നു. ഐ.ഇ.എല്‍.ടി.എസ്. പരീക്ഷ എഴുതുന്ന നഴ്‌സുമാരില്‍ എണ്‍പതു ശതമാനവും പരാജയപ്പെട്ടിരുന്നത് റൈറ്റിങ്ങിനായിരുന്നു. ഓവറോള്‍ സ്‌കോര്‍ ഏഴായി നിലനിര്‍ത്തുമ്പോഴും ഏറ്റവും വിഷമം പിടിച്ച റൈറ്റിംങ്ങിന് 6.5 എന്ന ഇളവു നല്‍കുന്നത് ആയിരക്കണക്കിന് മലയാളി നഴ്‌സുമാര്‍ക്ക് ആശ്വാസമാകും.

ഇതുസംബന്ധിച്ച ശുപാര്‍ശ അടുത്തയാഴ്ച ചേരുന്ന എന്‍.എം.സി. യോഗത്തില്‍ അംഗീകരിച്ച് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാക്കാനാണ് തീരുമാനമെന്ന് എന്‍.എം.സി. വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇനിമുതല്‍ ലിസനിംങ്, റീഡിംങ്, സ്പീക്കിങ് എന്നിവയക്ക് ഏഴും റൈറ്റിങ്ങിന് 6.5 സ്‌കോറും നേടിയാലും യു.കെ. സ്വപ്നം സാധ്യമാകും. ഓവറോള്‍ സ്‌കോര്‍ ഏഴ് എന്നതില്‍ മാറ്റമില്ല. ഐ.ഇ.എല്‍.ടി.എസ്. പരീക്ഷയുടെ കാലാവധി രണ്ടു വര്‍ഷമായതിനാല്‍ 2017 ജനുവരിക്കു ശേഷം പരീക്ഷയെഴുതി സമാനമായ സ്‌കോര്‍ നേടിയവര്‍ക്ക് ഉടന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാം.

ഒരു മൊഡ്യുളിന്റെ സ്‌കോറില്‍ 0.5 പോയിന്റിന്റെ കുറവു വരുത്തുന്നത് ചെറിയ കാര്യമായി തോന്നാമെങ്കിലും ഈ പരീക്ഷയില്‍ ഇത് ചരിത്രപരമായ മാറ്റം തന്നെയാകും. കാരണം പരീക്ഷയെഴുതുന്ന ഭൂരിഭാഗംപേരും തട്ടിവീഴുന്നത് ഈ കടമ്പടയിലാണ്. ഇതു മനസിലാക്കി തന്നെയാണ് എന്‍.എം.സി.യുടെ തീരുമാനം. അഞ്ചും ആറു തവണ പരീക്ഷയെഴുതിയിട്ടും റൈറ്റിങ്ങില്‍ മാത്രം സ്‌കോര്‍ നേടാനാകാതെ പോകുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ നിരവധിയാണ്.

ആരോഗ്യമേഖലയില്‍ നാല്‍പതിനായിരത്തോളം നഴ്‌സുമാരുടെ ഒഴിവുള്ള ബ്രിട്ടനില്‍ മറ്റു പല മാര്‍ഗങ്ങളിലൂടെ ശ്രമിച്ചിട്ടും ആവശ്യത്തിനു നഴ്‌സുമാരെ കിട്ടാതെ വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഇളവിന് എന്‍.എം.സി. തയാറായത്. ബ്രിട്ടണിലേക്കുള്ള മറ്റൊരു മലയാളി കുടിയേറ്റത്തിനുകൂടി വഴിവയ്ക്കുന്ന തീരുമാനമാണ് ഇപ്പോള്‍ നടപ്പില്‍ വരുന്നത്.

ഐ.ഇ.എല്‍.ടി.എസിനൊപ്പം മറ്റു രണ്ടു പരീക്ഷകള്‍കൂടി പാസായാലേ യു.കെ. രജിസ്‌ട്രേഷന്‍ സാധ്യമാകൂ. നാട്ടില്‍നിന്നുകൊണ്ട് ചെയ്യേണ്ട ഓണ്‍ലൈന്‍ കോംപിറ്റന്‍സി ടെസ്റ്റും യു.കെയില്‍ എത്തിയശേഷമുള്ള പ്രാക്ടിക്കല്‍ പരീക്ഷയും. ഇവ രണ്ടും ഐ.എല്‍ടി.എസുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ നിസാരമായ കടമ്പകളാണ്. മാത്രമല്ല, ഇതിന് പല തവണ അവസരങ്ങളും ലഭ്യവുമാണ്.