പോര്‍ട്ട് ബ്ലയർ∙ ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപിൽ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് പൗരൻ ദ്വീപിൽ എത്തുന്നതിനായി മത്സ്യത്തൊഴിലാളികൾക്ക് 25,000 രൂപ നൽകിയതായി സൂചന. യുഎസിലെ അലബാമ സ്വദേശി ജോണ്‍ അലൻ ചൗ(27) ആണ് കഴിഞ്ഞ ദിവസം സെന്റിനലി ഗോത്രക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഏഴ് മൽസ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 14നാണ് ചൗ മൽസ്യത്തൊഴിലാളികളുടെ ബോട്ടിൽ ദ്വീപിനു സമീപമെത്തിയത്. എന്നാൽ പവിഴപ്പുറ്റുകൾ ഉള്ളതിനാൽ തീരത്തേയ്ക്ക് ബോട്ട് അടുപ്പിക്കാനായില്ല. പിറ്റേന്നു ചെറുവള്ളത്തിൽ ചൗ ഒറ്റയ്ക്ക് ദ്വീപിലേക്കു പോയി. ദ്വീപ് നിവാസികൾ അമ്പേയ്യുന്നതു കണ്ടെങ്കിലും ചൗ യാത്ര തുടരുകയായിരുന്നുവെന്ന് ആൻഡമാൻ നിക്കോബാർ ഡിജിപി ദീപേന്ദ്ര പതക് മാധ്യമങ്ങളോടു പറഞ്ഞു.
16–ാം തീയതി വൈകുന്നേരം അമ്പേറ്റ മുറിവുകളുമായി ദ്വീപിൽ നിന്നു തിരിച്ചെത്തിയ ചൗ മരുന്നുവയ്ക്കുകയും സെന്റിനലിക്കാരെ കണ്ടതിനെ കുറിച്ചു ഡയറിയിൽ കുറിക്കുകയും ചെയ്തു. രാത്രി വീണ്ടും ദ്വീപിലേക്കു പോയ ചൗവിനെ പിന്നീട് ഇതുവരെ ആരും കണ്ടിട്ടില്ല. 17നു രാവിലെ ചൗവിനോടു രൂപസാദൃശ്യമുള്ള ഒരാളുടെ ശരീരം ഗോത്രവർഗ്ഗക്കാർ തീരത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നതും മണ്ണിൽ കുഴിച്ചിടുന്നതും മൽസ്യത്തൊഴിലാളികൾ കണ്ടതായും ഡിജിപി പറഞ്ഞു. ഇവർ പിന്നീട് പോർട്ട് ബ്ലയറിലേക്കു തിരിച്ചുപോകുകയും ചൗവിന്റെ സുഹൃത്ത് അലക്സാണ്ടറിനു ഡയറി കൈമാറുകയും ചെയ്തു. അലക്സാണ്ടർ ചൗവിന്റെ യുഎസിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ ചെന്നൈയിലെ യുഎസ് കോൺസുലേറ്റിനു വിവരം കൈമാറുകയുമായിരുന്നു.
ചൗവിന്റെ മൃതദേഹം വീണ്ടെടുക്കന്നതിനുള്ള നടപടികൾ തുടരുകയാണെന്നു ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് അറിയിച്ചു. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ഇന്നു പ്രത്യേക തിരച്ചിൽ നടത്തുമെന്നും അവർ പറഞ്ഞു. അതേസമയം, നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും കണ്ണുവെട്ടിച്ച് നിരോധിത മേഖലയിലേക്ക് മൽസ്യത്തൊഴിലാളികൾ പ്രവേശിച്ചത് എങ്ങനെയാണെന്നുള്ള ചോദ്യം ഉയരുന്നുണ്ട്. ബംഗാൾ ഉൾക്കടലിലെ പട്രോളിങ് സംവിധാനം ഏറ്റവും ശക്തമായ മേഖലകളിൽ ഒന്നാണ് ഇത്. എന്നാൽ സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്നും മൽസ്യബന്ധനത്തിനു പോകുന്നതായി തോന്നിപ്പിക്കുന്ന വിധമായിരുന്നു സംഘത്തിന്റെ യാത്രയെന്നും ഡിജിപി ദീപേന്ദ്ര പതക് പറഞ്ഞു.
ആൻഡമാൻ നിക്കോബാർ തലസ്ഥാനമായ പോർട്ട് ബ്ലയറിൽനിന്ന് 50 കിലോമീറ്റർ അകലെയാണ് ഉത്തര സെന്റിനൽ ദ്വീപ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 സെന്റിനലി ഗോത്രവംശജർ ഇവിടെയുണ്ടെന്ന് 2011ലെ സെൻസസ് കണക്ക് പറയുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവർ കരുതപ്പെടുന്നത്. ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാൽ അവർ അമ്പെയ്ത് സന്ദര്‍ശകരെ പ്രതിരോധിക്കും. 2004–ൽ സുനാമി രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ദ്വീപിനു മുകളിൽ കൂടി പറന്ന ഹെലികോപ്റ്ററിനു നേരേയും ഇവർ അമ്പേയ്തിരുന്നു.