സൗജന്യ അരി തമിഴ്‌നാട്ടിലെ ജനങ്ങളെ അലസരാക്കി: മദ്രാസ് ഹൈക്കോടതി

മദ്രാസ് ഹൈക്കോടതി (ഫയൽ ചിത്രം)

ചെന്നൈ ∙ സൗജന്യ അരി വിതരണവും സര്‍ക്കാര്‍ പദ്ധതികളും തമിഴ്‌നാട്ടിലെ ജനങ്ങളെ അലസരാക്കിയെന്നു മദ്രാസ് ഹൈക്കോടതി. ഇതു മൂലം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നു ജോലിക്കാരെ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണെന്നും കോടതി കുറ്റപ്പെടുത്തി.

പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് സൗജന്യമായി അരി നല്‍കുന്നതിന് കോടതി എതിരല്ല. എന്നാല്‍ സാമ്പത്തിക അവസ്ഥ പരിഗണിക്കാതെ എല്ലാവര്‍ക്കും ഇത്തരം പദ്ധതികള്‍ അനുവദിക്കരുതെന്നും ജസ്റ്റിസുമാരായ എന്‍. കിരുബക്കാരന്‍, അബ്ദുള്‍ ഖുദോസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. അരി കടത്തിയ കേസില്‍ കുറ്റാരോപിതനായ ആളിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 

2017-18-ല്‍ സൗജന്യ അരി വിതരണത്തിനായി 2110 കോടി രൂപയാണ് ചെലവഴിച്ചത്. ഇത്രയും വലിയ തുക അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമാണു ചെലവഴിക്കേണ്ടത്. സൗജന്യ അരി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമായി ചുരുക്കണമെന്നും കോടതി വ്യക്തമാക്കി.