കോഴിക്കോട്∙ മാത്യു.ടി.തോമസിനെ മാറ്റി കെ.കൃഷ്ണ്‍ൻകുട്ടി എംഎൽഎയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ(എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ കത്ത് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. രാവിലെ പത്തുമണിയോടെ കോഴിക്കോട് ഗസ്റ്റ്ഹൗസിലെത്തിയാണ് സി.കെ.നാണു എംഎൽഎയും കൃഷ്ണൻകുട്ടിയും കത്തു കൈമാറിയത്. എൽഡിഎഫിനും ഉടൻ കത്തുനൽകുമെന്ന് സി.കെ.നാണു പറഞ്ഞു.
ഭൂരിപക്ഷ പിന്തുണയോടെയാണു താന്‍ മന്ത്രിയാകുന്നതെന്നു കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടശേഷമാണു പ്രതികരണം. ജനാധിപത്യത്തിൽ ഭൂരിപക്ഷമാണ് വലുതെന്നും പാർട്ടിയിലെ മൂന്ന് എംഎൽഎമാരിൽ രണ്ടുപേർ തനിക്കൊപ്പമാണെന്നും കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഉൾപാർട്ടി തർക്കമൊന്നും ഇപ്പോഴില്ല. മന്ത്രിസ്ഥാനം പോവുമ്പോൾ ആർക്കായാലും കുറച്ചു വിഷമമുണ്ടാവും. അതു പതുക്കെ ശരിയായിക്കോളുമെന്നും കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
മന്ത്രിസ്ഥാനത്തിനു കെ. കൃഷ്ണന്‍കുട്ടി മുമ്പേ അര്‍ഹനാണെന്ന് ജെഡിഎസ് പാര്‍ലമെന്ററി പാര്‍ട്ടിനേതാവ് സി.കെ. നാണു പറഞ്ഞു. പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ കാലം എംഎല്‍എ ആയിരുന്ന ആളാണു കൃഷ്ണന്‍കുട്ടി. ഇതനുസരിച്ചു മുമ്പ് കൃഷ്ണന്‍കുട്ടിയുടെ പേരു മന്ത്രിസ്ഥാനത്തേക്കു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണു മാത്യു ടി.തോമസ് മന്ത്രിയായത്. പുതിയ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണ്. കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നതു മാത്യു ടി.തോമസ് അംഗീകരിക്കുമെന്നും കൃഷ്ണന്‍കുട്ടിയെയോ മാത്യു ടി.തോമസിനെയോ അനുകൂലിക്കുന്ന പ്രത്യേക വിഭാഗം പാര്‍ട്ടിയില്ലെന്നും സി.കെ. നാണു കോഴിക്കോട്ട് പറഞ്ഞു.
പാർട്ടിയിലുള്ളവർ കള്ളക്കേസുണ്ടാക്കിയെന്ന് മാത്യു.ടി.തോമസ് പറയാൻ സാധ്യതയില്ല. മാത്യു.ടി.തോമസിനും കുടുംബത്തിനുമെതിരെ കേസു നൽകിയതിൽ പാർട്ടിക്കോ പ്രവർത്തകർക്കോ പങ്കില്ല. കേസിൽ മാത്യു.ടി.തോമസിനൊപ്പമാണ് പാർട്ടി. പാർട്ടിയിലുള്ളവരെല്ലാം ഒറ്റക്കെട്ടാണ്. പഞ്ചസാര കുറഞ്ഞാൽ ചായയെ കുറ്റം പറയുന്നതുപോലെ മാത്രമേ മാത്യു.ടി.തോമസിന്റെ പ്രസ്താവനയെ കാണേണ്ടതുള്ളു എന്നും സി.കെ.നാണു പറഞ്ഞു. കെ.കൃഷ്ണൻകുട്ടി ഒരവസരത്തിൽ വെടിവെച്ചുവെന്ന് പണ്ട് കേസു വന്നതാണ്. അപ്പോൾ അദ്ദേഹത്തിനൊപ്പമാണ് പാർട്ടി നിന്നതെന്നും സി.കെ.നാണു പറഞ്ഞു.
മന്ത്രിയെ മാറ്റാനുള്ള പാര്‍ട്ടി തീരുമാനം ജെഡിഎസ് നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മറ്റു കാര്യങ്ങള്‍ ആലോചിച്ചു തീരുമാനിക്കുമെന്നു പിണറായി വിജയന്‍ പറഞ്ഞു. മാത്യു ടി. തോമസ് തിങ്കളാഴ്ച മന്ത്രി സ്ഥാനം രാജിവയ്ക്കും. നാളെയും മറ്റന്നാളും മുഖ്യമന്ത്രി തലസ്ഥാനത്തില്ലാത്ത സാഹചര്യത്തിലാണു രാജിക്കത്ത് കൈമാറൽ നീളുന്നത്. പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നാണു മാത്യു ടി.തോമസിന്‍റെ നിലപാട്. എന്നാല്‍ മന്ത്രിസ്ഥാനത്തിന് ഇടതുപക്ഷത്തിനു നിരക്കാത്ത പ്രവർത്തനങ്ങൾ ഉണ്ടായെന്ന മാത്യു ടി.തോമസിന്റെ പ്രസ്താവന ജനതാദൾ എസിലെ ഉൾപ്പോര് കൂടുതൽ രൂക്ഷമാക്കും.