കൊച്ചി ∙ പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഐഒസിഎൽ, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവ ചേർന്നു മാഹിയുൾപ്പെടെ കേരളത്തിൽ പുതിയതായി 1731 പമ്പുകൾ അനുവദിക്കും. ഗ്രാമീണ േമഖല ഉൾപ്പെടുന്ന റൂറൽ വിഭാഗത്തിൽ 771 എണ്ണവും അർബൻ, സെമി അർബൻ ഉൾപ്പെടുന്ന റെഗുലർ വിഭാഗത്തിൽ 960 പമ്പുകളുമാണ് അനുവദിക്കുക. രാജ്യത്തു പ്രതിവർഷം പെട്രോളിന് 8 ശതമാനവും ഡീസലിന് 4 ശതമാനവും വിൽപന വർധനവാണുളളത്.
തീർത്തും ലളിതവും സുതാര്യവുമായ ഒാൺലൈൻ അപേക്ഷ സംവിധാനമാണ് പമ്പ് ഡീലർഷിപ്പിന് ഇത്തവണ തയാറാക്കിയിട്ടുളളതെന്നു സ്റ്റേറ്റ് റീട്ടെയ്ൽ ഹെഡ് നവീൻ ചരൺ പറഞ്ഞു. നാലര വർഷത്തിനു ശേഷമാണു സംസ്ഥാനത്തു വീണ്ടും പമ്പ് ലൈസൻസ് വിതരണം. നിലവിൽ 2005 പമ്പുകളാണു സംസ്ഥാനത്തുളളത്. റൂറലിൽ 30 ലക്ഷവും അർബനിൽ 40 മുതൽ 75 വരെ ലക്ഷവും രൂപയാണു പുതിയ പമ്പിനു നിക്ഷേപമായി വേണ്ടി രിക.അർബൻ വിഭാഗത്തിൽ സബ് ക്ലാസിഫിക്കേഷൻ അനുസരിച്ചു തുകയിൽ വ്യത്യാസം വരാമെന്നു ബിപിസിഎൽ സ്റ്റേറ്റ് ഹെഡ് (റീട്ടെയ്ൽ) പി.വെങ്കിട്ടരാമൻ, ചീഫ് റീജനൽ മാനേജർ (എച്ച്പിസിഎൽ) സറബ്ജിത്ത് സിങ് എന്നിവർ പറഞ്ഞു.
പുതിയതായി ഏറ്റവും കൂടുതൽ പമ്പുകൾ വരിക എറണാകുളം ജില്ലയിലും (275) കുറവ് വയനാട്ടിലുമാണ് (33). മാഹിയിൽ 5 പമ്പുകളാണ് അനുവദിക്കുക. 10–ാം ക്ലാസ് പാസായ, 21നും 60നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാർക്ക് അപേക്ഷിക്കാം. എൻആർഐകൾക്കു അപേക്ഷിക്കാൻ സാധിക്കില്ല. ഭൂമിയില്ലാത്തവർക്കും അപേക്ഷിക്കാം. ആവശ്യപ്പെടുമ്പോൾ ഭൂമി ലഭ്യത ഉറപ്പാക്കിയാൽ മതി. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ മാത്രം യോഗ്യതാരേഖകൾ സമർപ്പിച്ചാൽ മതിയാകും. നറുക്കെടുപ്പ് പൂർണമായും കംപ്യൂട്ടർവൽക്കരിച്ചിട്ടുണ്ട്.
ഇന്ധന പമ്പുകളിൽനിന്നു കേരളത്തിൽ മികച്ച ലാഭമാണു ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. നിശ്ചിത ലാഭം ലഭിക്കാൻ ഒരു ദിവസം ഒരു പമ്പിൽനിന്ന് 135 കിലോ ലീറ്റർ ഇന്ധനമാണു വിൽക്കേണ്ടത്. കേരളത്തിൽ ഇത് 205 കിലോലീറ്ററാണ്. രാജ്യത്തു പ്രതിവർഷ ഇന്ധന വിൽപന കൂടിയെങ്കിലും കേരളത്തിൽ പ്രളയം മൂലം ഡീസൽ വിൽപന മുൻ വർഷത്തേക്കാൾ 3 ശതമാനം കുറഞ്ഞിട്ടുണ്ട്. പെട്രോൾ വിൽപനയിൽ 4 ശതമാനം വർധനവുണ്ട്. അടുത്ത സംസ്ഥാനങ്ങളിൽ ഡീസൽ വില കുറഞ്ഞതും ടൂറിസം രംഗത്തുണ്ടായ മാന്ദ്യവുമാണു ഡീസൽ വിൽപനയിൽ കുറവുണ്ടാകാൻ കാരണമെന്ന് അധികൃതർ വിശദീകരിച്ചു. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്– www.petrolpumpdealerchayan.in. അവസാന തീയതി–ഡിസംബർ 24