പോർട്ട് ബ്ലെയർ ∙ ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് പൗരൻ ജോൺ അലൻ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. മൃതദേഹം മണലിൽ കുഴിച്ചിട്ട തീരത്തേക്ക് ബോട്ടിലെത്തിയ പൊലീസ് സംഘം കരയിൽ ആയുധധാരികളായ ഗോത്രവർഗക്കാരെ കണ്ടതോടെ മടങ്ങുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ടതായി കരുതപ്പെടുന്ന സ്ഥലത്തിനു സമീപമാണ് ഗോത്രവർഗക്കാർ നിലയുറപ്പിച്ചിരുന്നതതെന്ന് പൊലീസ് ചീഫ് ദീപേന്ദ്ര പഥക് പറഞ്ഞു.
ബോട്ടിൽ ദ്വീപിലേക്കു പോയ പൊലീസ് സംഘം തീരത്തിന് 400 മീറ്റർ അകലെവച്ച് ബൈനോക്കുലറിലൂടെ നിരീക്ഷണം നടത്തുമ്പോഴാണ് ഗോത്രവർഗക്കാരെ കണ്ടത്. അവർ ബോട്ടിനെ ശ്രദ്ധിച്ചുനിൽക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഒഴിവാക്കാനായി പൊലീസ് മടങ്ങിയെന്നും പഥക് പറഞ്ഞു.
നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ജോണിന്റെ മൃതദേഹം ഒരിക്കലും വീണ്ടെടുക്കാൻ സാധിക്കില്ലെന്ന് ചില നരവംശശാസ്ത്രജ്ഞരും മറ്റും അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും പൊലീസ് അതിനു ശ്രമം തുടരുകയാണ്. ഗോത്രവർഗക്കാരെ അനുനയിപ്പിച്ച് ദ്വീപിലിറങ്ങുന്നതിനെപ്പറ്റിയും ആലോചനകളുണ്ട്.