തിരുവനന്തപുരം∙ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് രാജിവച്ചു. ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. ജനതാദളിലെ(എസ്) ധാരണപ്രകാരം കെ. കൃഷ്ണൻകുട്ടി എംഎൽഎയ്ക്കു മന്ത്രിയാകാൻ വേണ്ടിയാണു മാത്യു ടി. ഒഴിയുന്നത്. പാർട്ടി പിളരില്ലെന്നു രാജിവച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു. ഉപാധികൾ ഇല്ലാതെയാണ് രാജി. എംഎൽഎയായി തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. പുതിയ മന്ത്രി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കെ. കൃഷ്ണൻകുട്ടി ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽവച്ചാണ് ചടങ്ങുകൾ. രാജിയോടനുബന്ധിച്ചു മാത്യു ടി.തോമസിന്റെയും കെ.കൃഷ്ണൻകുട്ടിയുടെയും വാക്‌പോര് ജനതാദളിലെ തർക്കം രൂക്ഷമാക്കിയിട്ടുണ്ട്. മാത്യു ടി.വിഭാഗം ബദൽയോഗം കൊച്ചിയിൽ വിളിച്ചുചേർക്കുമെന്ന പ്രചാരണമുണ്ടെങ്കിലും നേതാക്കൾ നിഷേധിച്ചു.