കൊച്ചി∙ ഓൺലൈൻ കമ്പനികളുടെ ചൂഷണത്തിൽ പ്രതിഷേധിച്ചും ചെറുകിട ഭക്ഷണ വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര ഓൺലൈൻ കമ്പനികളുടെ പ്രവർത്തനത്തിൽ പ്രതിഷേധിച്ചും ഡിസംബർ 1 മുതൽ ജില്ലയിലെ ഓൺലൈൻ ഭക്ഷണവ്യാപാരം ബഹിഷ്‌കരിക്കാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാകമ്മിറ്റി തീരുമാനിച്ചു.
ഓൺലൈൻ ഭക്ഷണവിൽപ്പന നടത്തുന്നതിന് സർവീസ് ചാർജായി ഹോട്ടലുടമകളിൽ നിന്നു ബില്ലിന്റെ 30 ശതമാനവും അതിന്റെ 18 ശതമാനം ജിഎസ്ടിയായും ഈടാക്കുന്നു. കൂടാതെ ഓഫറുകളുടെ പേരിലും ഹോട്ടലുകളെ ചൂഷണം ചെയ്യുന്നു. ഇതുമൂലം വൻ നഷ്ടമാണ് ഹോട്ടലുടമകൾ അനുഭവിക്കുന്നതെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.
വൻ ഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിച്ച് ചെറുകിട ഭക്ഷണവ്യാപാര മേഖല കൈയടക്കുകയും തുടർന്ന് ഇപ്പോൾ നൽകുന്ന ഓഫറുകളുടെ നഷ്ടം പൊതുജനങ്ങളിൽനിന്ന് ഈടാക്കുവാനുമുള്ള കോർപ്പറേറ്റ് തന്ത്രമാണ് ഓൺലൈൻ കമ്പനികൾ നടത്തുന്നതെന്നു കെഎച്ച്ആർഎ ആരോപിച്ചു. ജില്ലാപ്രസിഡന്റ് അസീസ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ടി.ജെ.മനോഹരൻ, സി.ജെ.ചാർളി, സി.എ.സാദിഖ്, കെ.യു.നാസർ, കെ.പി.നാദിർഷ എന്നിവർ പ്രസംഗിച്ചു.